പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ അന്വേഷണത്തിന് ഉത്തരവ്

പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ അന്വേഷണത്തിന് ഉത്തരവ്. പനാമ രേഖകളിലൂടെ പുറത്തുവന്ന അഴിമതിയിലാണ് സംയുക്ത അന്വേഷണത്തിന് പാകിസ്ഥാൻ സുപ്രീം കോടതി ഉത്തരവിട്ടത്.

കള്ളപ്പണ ഇടപാടിലൂടെ ലണ്ടനിൽ ഫ്ളാറ്റും സ്വത്തുവകകളും ഭൂമിയും വാങ്ങിയെന്നാണ് പാക് പ്രധാനമന്ത്രിക്കെതിരെയുള്ള ആരോപണം. നവാസ് ഷെരീഫിനൊപ്പം രണ്ട് മക്കളും അന്വേഷണം നേരിടണം. രണ്ട് മാസത്തിനകം സംയുക്ത അന്വേഷണ സംഘത്തിനോട് റിപ്പോർട്ട് സമർപ്പിക്കാനും പാക് സുപ്രീം കോടതി ഉത്തരവിട്ടു.

പ്രതിപക്ഷ നേതാവ് ഇമ്രാൻ ഖാന്റെ ഇടപെടലാണ് നവാസ് ഷെരീഫിനെതിരെ പനാമ രേഖകളുടെ വെളച്ചത്തിൽ കേസ് ഉണ്ടാകാൻ കാരണം. അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞവർഷം ഇമ്രാൻ ഖാൻ തെരുവുകളിൽ പ്രക്ഷോഭം നടത്താൻ ഒരുങ്ങിയതോടെയാണ് കേസിൽ അന്വേഷണം വേണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് പാക് സുപ്രീം കോടതി സമ്മതിച്ചത്.

67 വയസുകാരനായ നവാസ് ഷെരീഫിന് പ്രധാനമന്ത്രി പദം രാജിവെയ്ക്കേണ്ടി വരുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും നിലവിൽ രാജി ഉണ്ടാവില്ലെന്നാണ് സൂചന. മിലിട്ടറി ഇന്റലിജൻസ് അടക്കം വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചാണ് ഷെരീഫിനും കുടുംബത്തിനുമെതിരെ അന്വേഷണം നടക്കുക.

കള്ളപ്പണം കൊണ്ട് ലണ്ടനിൽ സ്വത്ത് വകകൾ വാങ്ങിയെന്നാണ് ഷെരീഫിനെതിരെയുള്ള ആക്ഷേപം. സംഭവത്തിൽ പാർലമെന്റിനെ പ്രധാനമന്ത്രി തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് ഇമ്രാൻ ഖാൻ ഉയർത്തിക്കൊണ്ടുവന്ന കേസിലാണ് കോടതിയുടെ നടപടി. പാർലമെന്റിനെ പ്രധാനമന്ത്രി തെറ്റിദ്ധരിപ്പിച്ചെന്ന് പാക് സുപ്രീം കോടതി ചൂണ്ടികാണിച്ചു. അന്വേഷണ റിപ്പോര്ട്ട് എതിരായാൽ നവാസ് ഷെരീഫിനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും അയോഗ്യനാക്കും.

വിവാദമായ പനാമ രേഖകളിൽ 100ൽ അധികം രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കളുടെ കള്ളപ്പണ ഇടപാടിനെ കുറിച്ച് വിവരമുണ്ടായിരുന്നു.

Topics:
Social Icons Share on Facebook Social Icons Share on Google +