മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ പരസ്യ പ്രചാരണ ചുമതല ഇനി ഡെന്റ്‌സു മീഡിയയ്ക്ക്

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ പരസ്യ പ്രചാരണ ചുമതല ഇനി മുതൽ ഡെന്റ്‌സു മീഡിയയ്ക്ക്. കമ്പനിയുടെ മീഡിയ പ്ലാനിങ്, ബയിങ് ചുമതലകളെല്ലാമാണ് ഡെന്റ്‌സു മീഡിയ ഏപ്രിൽ മുതൽ ഏറ്റെടുക്കുന്നത്.

വിവിധ ഏജൻസികളെ പങ്കെടുപ്പിച്ചു കൊണ്ടു നടത്തിയ അവതരണത്തിനു ശേഷമാണു മാരുതി സുസുക്കി, ഡെന്റ്‌സുവിനെ തെരഞ്ഞെടുത്തത്. മാരുതി സുസുക്കിയുടെ കോർപറേറ്റ്, വിപണന ശൃംഖല, നെക്‌സ ചാനലുകളുടെ പരസ്യ ചുമതലയെല്ലാം ഇനി ഡെന്റ്‌സുവിൽ നിർബന്ധിതമായിരിക്കും.

ഇപ്പോൾ തന്നെ ഡെന്റ്‌സു ഏയ്ജിസ് നെറ്റ്‌വർക്കിന്റെ വിഭാഗങ്ങളായ ഡെന്റ്‌സു ഇംപാക്ടും ഐസോബാറും വിവിധ കമ്പനികൾക്കായി ക്രിയേറ്റീവ്, ഡിജിറ്റൽ, കസ്റ്റമർ റിലേഷൻഷിപ് മാനേജ്‌മെന്റ് ബിസിനസുകൾ ചെയ്യുന്നുണ്ട്. മാരുതി സുസുക്കിയിൽ നിന്നുള്ള കരാർ ലഭിക്കുന്നതോടെ ഡെന്റ്‌സു ഏയ്ജിസ് നെറ്റ്‌വർക്ക് രാജ്യത്തെ മുൻനിര ഇന്റഗ്രേറ്റഡ്, മാർക്കറ്റിങ് കമ്യണിക്കേഷൻ സ്ഥാപനമായി മാറും. തന്ത്രപരമായ വിപണി പങ്കാളിത്തമാണു മാരുതിയും ഡെന്റ്‌സു ഏയ്ജിസ് നെറ്റ്‌വർക്കുമായുള്ളതെന്നു മാരുതി സുസുക്കി ഇന്ത്യ വൈസ് പ്രസിഡന്റ്(മാർക്കറ്റിങ്) സഞ്ജീവ് ഹാൻഡ് അഭിപ്രായപ്പെട്ടു. ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള കാര്യക്ഷമതയ്ക്കുമായി കൂട്ടായ പ്രവർത്തനവുമാണ് കമ്പനി ആഗ്രഹിക്കുന്നതെന്നും ഹാൻഡ വെളിപ്പെടുത്തി.

മാരുതി സുസുക്കിയുടെ മാധ്യമ പങ്കാളിയായി തെരഞ്ഞെടുക്കപ്പെട്ടത് അഭിമാനകരവും സന്തോഷകരവുമാണെന്ന് ഡെന്റ്‌സു മീഡിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ദിവ്യ കരാനി പ്രതികരിച്ചു. മാധ്യമ, പരസ്യ, വിപണന തലങ്ങളിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെടുന്ന സംഘത്തെ അണിനിരത്തി മാരുതി സുസുക്കിയുടെ വിപണിയിലെ മുന്നേറ്റം കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാവും ഡെന്റ്‌സു മീഡിയ നടത്തുകയെന്നും അവർ വ്യക്തമാക്കി.

Social Icons Share on Facebook Social Icons Share on Google +