മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ധോണിക്കെതിരായ പരാതി സുപ്രീം കോടതി തള്ളി

മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം.എസ് ധോണിക്കെതിരായ പരാതി സുപ്രീം കോടതി തള്ളി. ഹിന്ദു ദേവനായ വിഷ്ണുവിന്റെ രൂപത്തിൽ ഒരു മാഗസിന്റെ കവർ പേജിൽ ധോണി പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെ ആന്ധ്രാ പ്രദേശിലെ കോടതിയിൽ നടക്കുന്ന കേസാണ് തള്ളിയത്.

തനിക്കെതിരായ ക്രിമിനൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ധോണി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി.

പരാതിയിൽ ആരോപിക്കുന്ന പ്രകാരം മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് തെളിയിക്കുന്നതിൽ പരാതിക്കാരൻ പരാജയപ്പെട്ടുവെന്ന് പരാതി റദ്ദാക്കവെ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ആന്ധ്രാ സ്വദേശിയായിരുന്നു പരാതിക്കാരൻ. മതവികാരം വ്രണപ്പെടുത്തിയതിന് ഐപിസി സെക്ഷൻ 295 എ പ്രകാരം മാസികയുടെ എഡിറ്റർക്കെതിരെയും കേസ് എടുത്തിരുന്നു. ഈ കേസും സുപ്രീം കോടതി തള്ളി.

ബിസിനസ്സ് ടുഡെ എന്ന മാസികയുടെ കവർ ചിത്രത്തിൽ ധോണി മഹാവിഷ്ണുവിന്റെ വേഷത്തിൽ പ്രത്യക്ഷപ്പെട്ടതാണ് വിവാദത്തിലേക്ക് നയിച്ചത്. തുടർന്ന് ധോണിക്കെതിരെ പരാതി നൽകുകയായിരുന്നു. വിദ്വേഷം വളർത്തുക എന്ന ലക്ഷ്യത്തോടെ ധോണി യാതൊന്നും ചെയ്തിട്ടില്ലെന്നും അതിനാൽത്തന്നെ ധോണിയെ പ്രോസിക്യൂട്ട് ചെയ്യുന്നത് നീതിനിഷേധമായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. മാസികയുടെ എഡിറ്റർക്കെതിരായ കേസും കോടതി തള്ളിയിട്ടുണ്ട്.പരാതിക്കാരന്റെ മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ എഡിറ്റർ പ്രവർത്തിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് ദീപക് മിശ്ര, എഎം ഖാൻവിൽകർ, എംഎം ശന്താനഗൗഡർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് തള്ളിയത്. സമാനമായി കർണാടകത്തിലുണ്ടായിരുന്ന കേസ് കഴിഞ്ഞ സെപ്തംബറിൽ കോടതി റദ്ദാക്കിയിരുന്നു.

2013 ഏപ്രിൽ മാസത്തിലാണ് വിവാദമായ മാസിക ബിസിനസ്സ് ടുഡെ പ്രസിദ്ധീകരിച്ചത്. വിഷ്ണുവിന്റെ വേഷത്തിൽ ധോണി കൈകളിൽ ഷൂ ഉൾപ്പെടെയുള്ള വസ്തുക്കളുമായി നിൽക്കുന്നതാണ് ചിത്രം. ദ ഗോഡ് ഓഫ് ബിഗ് ഡീൽസ് എന്ന തലക്കെട്ടിൽ വന്ന ആർട്ടിക്കിളിലായിരുന്നു ഇത്

Social Icons Share on Facebook Social Icons Share on Google +