പിതൃത്വ അവകാശ വാദ കേസിൽ തമിഴ് ചലച്ചിത്ര താരം ധനുഷിന് വിജയം. മദ്രാസ് ഹൈക്കോടതിക്ക് കീഴിലുള്ള മധുരൈ ബഞ്ച് ഈ കേസ് തള്ളി.
മധുര സ്വദേശികളായ കതിരേശൻ – മീനാക്ഷി ദമ്പതികൾ തമിഴകത്ത് ഉണ്ടാക്കിയ കോളിളക്കം ചെറുതല്ല. ദമ്പതികളുടെ മൂന്നാമത്തെ മകനാണ് ചലച്ചിത്രതാരം ധനുഷ് എന്നും സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹത്താൽ മകൻ തങ്ങളുടെ പക്കൽ നിന്നും ഒളിച്ചോടി പോയതാണെന്നും ആണ് ദമ്പതികൾ കോടതിയിൽ വാദം ഉന്നയിച്ചത്. അതോടൊപ്പം പ്രതി മാസം 65,000 രൂപ തങ്ങളുടെ ചെലവിനായി ധനുഷിൽ നിന്നും ലഭ്യമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.
ഇതേത്തുടർന്ന് ഡിഎൻഎ ടെസ്റ്റ് നടത്താൻ കോടതി നിർദേശിച്ചിരുന്നു. പക്ഷേ ധനുഷും അദ്ദേഹത്തിന്റെ വക്കീലും ഇത് നിഷേധിക്കുകയായിരുന്നു. ദമ്പതികൾ ഉന്നയിച്ച വാദം തെറ്റാണെന്നും കേസ് റദ്ദാക്കണമെന്നും തന്നെ ഭീഷണിപ്പെടുത്തി പൈസ സ്വന്തമാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യമെന്നും ധനുഷ് ആരോപിച്ചു.
കഴിഞ്ഞ മാസം ധനുഷിന്റെ ശരീരത്തിലെ അടയാളങ്ങൾ ബോധ്യപ്പെടുത്തുന്നതിനായി മെഡിക്കൽ എക്സാമിനേഷൻ നടത്തണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. പക്ഷേ ദമ്പതികളുടെ അവകാശവാദത്തെ കോടതി തള്ളി കളയുകയായിരുന്നു