ഐ ലീഗിലെ ക്‌ളാസിക്കൽ പോരാട്ടം നാളെ

ഐ ലീഗിലെ ക്‌ളാസിക്കൽ പോരാട്ടം നാളെ നടക്കും. മോഹൻ ബഗാനും ഐസ്വാൾ എഫ് സിയും തമ്മിലുള്ളത് കിരീടപ്പോരാട്ടം തന്നെയായി മാറും. ഐസ്വാളിലെ രാജീവ് ഗാന്ധി സ്റ്റേഡിയം വേദിയാകും. ഉച്ചയ്ക്ക് 2.05 നാണ് മൽസരം.

ഐ ലീഗ് ക്‌ളൈമാക്‌സിലേക്ക് നീങ്ങുമ്പോൾ പോരാട്ടവും കനക്കുന്നു. അതിനാൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന ബഗാനും ഐസ്വാൾ എഫ് സിയും തമ്മിലുള്ള പോരാട്ടത്തിന് പ്രസക്തിയേറി.
33 പോയിന്റ് വീതം നേടി രണ്ട് ക്ലബ്ബുകളും ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്ത് ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. ഗോൾ ശരാശരിയിൽ ബഗാന് മുൻതൂക്കമുണ്ട്. ലീഗിൽ രണ്ട് റൗണ്ട് മത്സരങ്ങളാണ് ശേഷിക്കുന്നത്. അതുകൊണ്ടു തന്നെ ശനിയാഴ്ച നടക്കുന്ന ബഗാൻ ഐസ്വാൾ മത്സരം കിരീടാവകാശികളെ നിർണയിക്കും. സമനിലയും ജയവും ബഗാന് ഗുണകരമാകുമെങ്കിൽ ഐസ്വാളിന് മികച്ച മാർജിനിലുള്ള ജയം തന്നെ വേണം.

മിസോറം ക്ലബ്ബ് ഐസ്വാൾ എഫ് സി കിരീടം നേടുമോ എന്ന ആകാംഷയിലാണ് ഫുട്‌ബോൾ ലോകം. ഐസ്വാൾ കിരീടം നേടിയാൽ കോൽക്കത്തയും ഗോവയും കൈമാറി വന്ന കിരീടം വടക്കു കിഴക്കൻ സംസ്ഥാനമായ മിസോറാമിലേക്ക് പോകും. 2000 മുതൽ ചർച്ചിൽ ബ്രദേഴ്‌സ്, ഡെംപോ, സാൽഗോക്കർ എന്നീ ഗോവൻ ക്ലബ്ബുകൾ ചേർന്ന് എട്ട് ലീഗ് കിരീടങ്ങൾ സ്വന്തമാക്കി. ഈസ്റ്റ്ബംഗാളും മോഹൻ ബഗാനും കൊൽക്കത്തക്കായി അഞ്ച് കിരീടങ്ങളാണ് നേടിയത്. 2005-06 സീസണിൽ മുംബൈ മഹീന്ദ്ര യുനൈറ്റഡും 2013ൽ ബെംഗളുരു എഫ് സിയും കിരീടം നേടിയിട്ടുണ്ട്.
സഞ്‌ജോയ് സെന്നാണ് ബഗാന്റെ പരിശീലകൻ. ഖാലിദ് ജമീൽ ഐസ്വാളിന്റെ പരിശീലകനും.
എ എഫ് സി കപ്പിൽ ബഗാൻ തോറ്റെങ്കിലും ഐ ലീഗിൽ അതിനു മാറ്റം വരുമെന്നാണ് കോച്ചിന്റെ പക്ഷം. സോണി നോർദെ, കാസുമി യൂസ എന്നിവർ തിരിച്ചെത്തുന്നതോടെ ബഗാൻ ശക്തമാകും.

ഐസ്വാളിന്റെ മഹ്മൂദ് അൽ അമ്‌നയും ആൽഫ്രഡ് ജാരിയനും ബഗാനെതിരെ തിളങ്ങുമെന്ന പ്രതീക്ഷ. ഫെബ്രുവരിയിൽ ബഗാനോട് 3- 2ന് ഐസ്വാൾ പരാജയപ്പെട്ടപ്പോൾ ഇരട്ട ഗോളുകളുമായി തിളങ്ങിയത് ഡഫിയായിരുന്നു. ഡഫിയെ തടയാനാകും ഐസ്വാൾ ശ്രമിക്കുക.

Social Icons Share on Facebook Social Icons Share on Google +