വിലക്കുകൾ അവസാനിച്ചു… ടെന്നീസ് കോർട്ടിലെ സൂപ്പർ താരം മരിയ ഷറപ്പോവ തിരികെയെത്തുന്നു

വിലക്കുകൾ അവസാനിച്ച് ടെന്നീസ് കോർട്ടിലെ സൂപ്പർ താരം മരിയ ഷറപ്പോവ തിരികെയെത്തുന്നു. ടെന്നീസിലെ സൂപ്പർ പോരാട്ടമായ ഫ്രഞ്ച് ഓപ്പണിൽ മരിയ ഷറപ്പോവ മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

വിലക്കുകൾക്ക് വിരാമമായി റൊളാംഗ് ഗാരോയിൽ ഇടിമുഴക്കമാകാൻ ടെന്നീസിലെ ഗ്ലാമർ റാണി മരിയ ഷറപ്പോവ എത്തുമ്പോൾ ഫ്രഞ്ച് ഓപ്പൺ ടെന്നീസിന് ഗ്ലാമർ പരിവേഷം കൈവരുമെന്നുറപ്പ്.

നിരോധിത മരുന്നിന്റെ അംശം കണ്ടെത്തിയതിനെ തുടർന്ന് വിലക്കിലായിരുന്നു മുൻ ലോക ഒന്നാം നമ്പറായ റഷ്യൻ താരം മരിയ ഷറപോവ. മുമ്പ് രണ്ടു തവണ ഫ്രഞ്ച് ഓപൺ നേടിയ ചരിത്രമുള്ള മരിയ റൊളാങ് ഗാരോയിലെ കളിമൺ കോർട്ടിൽ ഇടിമുഴക്കവുമായി തിരിച്ചുവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. താരത്തിന് ഏർപ്പെടുത്തിയിരുന്ന 15 മാസത്തെ വിലക്ക് അടുത്തയാഴ്ച അവസാനിക്കും.
റാങ്കിങ്ങിൽ ഇല്ലാത്ത ഷറപോവക്ക് അടുത്ത മാസം ജർമനിയിൽ നടക്കുന്ന സ്റ്റുട്ട്ഗാർട്ട് ഗ്രാൻഡ് പ്രീ ടൂർണമെന്റിൽ കളിക്കാൻ വൈൽഡ് കാർഡ് എൻട്രി ലഭിച്ചിട്ടുണ്ട്. എന്നാൽ, മേയ് 28ന് ആരംഭിക്കുന്ന ഫ്രഞ്ച് ഓപണിൽ ഇതുവരെ ഷറപ്പോവക്ക് വൈൽഡ് കാർഡ് ലഭിച്ചിട്ടില്ല. ലോക ഒന്നാം നമ്പർ സെറീന വില്യംസ് ഗർഭിണിയായതിനെ തുടർന്ന് റൊളാങ് ഗാരോയിൽ ഉണ്ടാവില്ലെന്ന് ഏറക്കുറെ ഉറപ്പായ സ്ഥിതിക്ക് ഷറപ്പോവ വരുകയാണെങ്കിൽ മത്സരത്തിന്റെ താരപരിവേഷം കുറയില്ലെന്ന് ആരാധകർ കരുതുന്നു.
അതേസമയം മരിയക്ക് വൈൽഡ് കാർഡ് നൽകുന്നതിനോട് യോജിപ്പില്ലെന്ന് ഫ്രഞ്ച് ടെന്നിസ് ഫെഡറേഷൻ പ്രസിഡന്റ് ബർണാർഡ് ഗ്വ്യുഡിസെല്ലി വ്യക്തമാക്കുന്നു. ‘ഞങ്ങൾ നടത്തുന്നത് ടെന്നിസ് ടൂർണമെന്റാണ്, സിനിമയുടെ താര നിർണയമല്ല’ എന്നായിരുന്നു ഗ്വ്യുഡിസെല്ലി പ്രതികരിച്ചത്. സ്റ്റുട്ട്ഗാർട്ടിൽ മരിയക്ക് വൈൽഡ് കാർഡ് നൽകിയതിനെതിരെയും മുറുമുറുപ്പ് ഉയർന്നിട്ടുണ്ട്. മുൻ ലോക നമ്പർ വൺ കരോലിന വേസ്നിയാക്കിയും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
മേയ് 15നാണ് മരിയ സ്റ്റുട്ട്ഗാർട്ടിൽ കോർട്ടിലിറങ്ങുന്നത്. പ്രകടനം മെച്ചപ്പെട്ടാൽ വൈൽഡ് കാർഡില്ലാതെ റാങ്കിങ്ങിലൂടെ മരിയക്ക് ഫ്രഞ്ച് ഓപണിൽ കളത്തിലിറങ്ങാനാകും. എന്തായാലും ഇടവേളക്ക് ശേഷം ആരാധകരുടെ സ്വന്തം മരിയ ഷറപ്പോവ കളത്തിലിറങ്ങുമ്പോൾ ഫ്രഞ്ച് ഓപ്പൺ ആവേശപ്പോരാകും.

Social Icons Share on Facebook Social Icons Share on Google +