കാത്തിരിപ്പിന് വിരാമം…. സ്റ്റൈൽമന്നൻ രജനീകാന്ത് ആരാധകർക്ക് മുന്നിൽ നേരിട്ടെത്തി

നീണ്ട എട്ടു വർഷത്തെ കാത്തിരിപ്പിന് ശേഷം ആരാധകർക്ക് മുന്നിൽ നേരിട്ട് എത്തി തമിഴകത്തിന്റെ സ്‌ററൈൽ മന്നൻ രജനീകാന്ത്. ആരാധകർക്ക് സെൽഫിയെടുക്കാനും അവസരം ഒരുക്കിയിട്ടുണ്ട താരം. പക്ഷെ, ചില നിബന്ധനകൾ ഉണ്ടെന്നു മാത്രം.രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ട നിലപാടും വ്യക്തമാക്കി ഈ കൂടിക്കാഴ്ചയിൽ രജനീകാന്ത്.

ഒടുവിൽ തമിഴകത്തിന്റെ ആ കാത്തിരിപ്പിന് വിരമമായി. മെയ് 15 മുതൽ അഞ്ചു ദിവസമാണ് ആരധകർക്കായി രജനി മാറ്റി വെച്ചിരിക്കുന്നത്. കോടമ്പാക്കത്തെ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലാണ് രജനികാന്ത് ആരാധകർക്കൊപ്പം സമയം ചെലവഴിക്കുന്നത്. ആരാധകരുമായി നടത്തിയ കൂടികാഴ്ചയിൽ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട നിലപാടും രജനി വ്യക്തമാക്കി.

ഞാൻ ഒരു നടനാണ്. ദൈവഹിതവും അതാണ്. 21 വർഷങ്ങൾക്ക് മുൻപ് തെരഞ്ഞെടുപ്പിൽ ഒരു മുന്നണിയെ പിന്തുണച്ചിരുന്നു. അതൊരു തെറ്റായിരുന്നു. ഒരു പാർട്ടിയെയും നിലവിൽ ഞാൻ പിന്തുണയ്ക്കുന്നില്ല. ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെങ്കിൽ പൊതു സേവനം പണമുണ്ടാക്കുന്നതിന് ദുരുപയോഗം ചെയ്യുന്നവരെ പിന്തുണക്കില്ല. രാഷ്ട്രീയക്കാർ എന്റെ പേര് വോട്ട് ബാങ്കിനായി ദുരുപയോഗം ചെയ്യുന്നുണ്ട്. ഇതൊരിക്കലും പ്രോത്സാഹിപ്പിക്കാൻ കഴിയില്ല- രജനി പറഞ്ഞു.

താരത്തിനൊപ്പം നിന്ന് സെൽഫിയെടുക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇതിന് ചില നിബന്ധനകളും താരം മുന്നോട്ടുവെച്ചിട്ടുണ്ട്. ഗ്രൂപ്പായി മാത്രമേ സെൽഫി എടുക്കാൻ അനുവദിക്കൂ. താരത്തോട് ചോദ്യങ്ങളൊന്നും ചോദിക്കുകയുമരുത്. ആരാധകരോട് ചില ഉപദേശങ്ങളും രജനി പങ്കുവെച്ചു. മദ്യപിക്കരുത്, കുടുംബത്തിന് തണലാകണം എന്നിങ്ങനെ നീളുന്നു അവ. എന്തായാലും എട്ടു വർഷത്തിനു ശേഷം തങ്ങളുടെ പ്രിയപ്പെട്ട താരത്തെ തൊട്ടടുത്ത് കിട്ടിയ സന്തോഷം ആഘോഷമാക്കുകയാണ് ആരാധകർ. രാഷ്ട്രീയ പ്രവേശം തള്ളാതെയുള്ള രജനിയുടെ പ്രതികരണം കൂടിയായപ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ആ രംഗപ്രവേശവും കാത്തിരിക്കുന്നത്.

Social Icons Share on Facebook Social Icons Share on Google +