വാനാക്രൈ സൈബർ ആക്രമണത്തിന് പിന്നിൽ ഉത്തരകൊറിയയെന്ന് ആരോപണം

ലോകത്തെ ഞെട്ടിച്ച വാനാക്രൈ സൈബർ ആക്രമണത്തിന് പിന്നിൽ ഉത്തരകൊറിയയെന്ന് ആരോപണം. ആക്രമണത്തിന് ഉപയോഗിച്ച വൈറസിന് പിന്നിൽ ഉത്തരകൊറിയയിലെ ഹാക്കർ സംഘമായ ലാസറസ് ഗ്രൂപ്പാണെന്നാണ് സൈബർ വിദഗ്ധരുടെ നിഗമനം. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ലോകം നേരിട്ട ഏറ്റവും വലിയ സൈബർ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് ഉത്തരകൊറിയയാണെന്ന ആരോപണവുമായാണ് സൈബർ വിദഗ്ധരും, അവരെ ഉദ്ധരിച്ച് പാശ്ചാത്യ മാധ്യമങ്ങളും രംഗത്തെത്തിയത്. ഉത്തരകൊറിയ മുൻപ് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന സൈബർ ആക്രമണങ്ങൾക്ക് ഉപയോഗിച്ചിട്ടുള്ള കംപ്യൂട്ടർ കോഡും, വാനാക്രൈ കോഡും തമ്മിൽ സാമ്യമുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വൈറസ് ഭീഷണിക്ക് പിന്നിൽ ഉത്തരകൊറിയൻ ഹാക്കർമാരുടെ സംഘമായ ലാസറസാണെന്ന് റഷ്യൻ സൈബർ സുരക്ഷാ വിദഗ്ധർ അവകാശപ്പെട്ടു. നേരത്തെ സോണി പിക്‌ചേഴ്‌സിന് നേരേയും, ബംഗ്ലാദേശിലെ ബാങ്കുകൾക്ക് നേരേയും നടന്ന സൈബർ ആക്രമണത്തിന് ഉപയോഗിച്ച അതേ മാതൃകയാണ് ഇപ്പോൾ പിന്തുടർന്നിരിക്കുന്നതെന്നാണ് ഇവരുടെ വിലയിരുത്തൽ.

ആഗോള തലത്തിലെ എല്ലാ ആന്റി വൈറസ് കമ്പനികളും ഈ നിഗമനം ശരിവെയ്ക്കുന്നുമുണ്ട്. ഉത്തരകൊറിയയുടെ പങ്ക് വ്യക്തമാക്കി ഗൂഗിളിലെ ഇന്ത്യൻ ഗവേഷകനായ നീൽ മേത്തയും രംഗത്തെത്തിയിട്ടുണ്ട്. ആക്രമണം സംബന്ധിച്ച സുപ്രധാന തെളിവെന്ന് റഷ്യൻ സുരക്ഷാ ഏജൻസികൾ വിലയിരുത്തിയ വൈറസ് കോഡ് ഉത്തരകൊറിയയുടേതാണ#െന്ന് നീൽ മേത്ത ട്വിറ്ററിൽ കുറിച്ചു. എന്നാൽ ഇക്കാര്യത്തിൽ ഉത്തരകൊറിയയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ആരും പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് യുറോപ്യൻ കുറ്റാന്വേഷണ ഏജൻസിയായ യൂറോപോൾ അറിയിച്ചു.

Social Icons Share on Facebook Social Icons Share on Google +