ഐപിഎൽ എലിമിനേറ്റർ മത്സരത്തിൽ ഇന്ന് ഹൈദരാബാദും കൊൽക്കത്തയും നേർക്കുനേർ

ഐപിഎൽ എലിമിനേറ്റർ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദും, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ഇന്ന് നേർക്കുനേർ. മത്സരത്തിൽ തോൽക്കുന്നവർ ടൂർണമെന്റിൽ നിന്ന് പുറത്താകുമ്പോൾ, വിജയികൾക്ക് ആദ്യ ക്വാളി ഫയറിൽ തോറ്റ മുംബൈയുമായി ഏറ്റുമുട്ടാം. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് മത്സരം.

ഐപിഎല്ലിലെ നിർണായക മത്സരത്തിനാണ് നിലവിലെ ചാംപ്യൻമാരായ സൺറൈസേഴ്‌സ് ഹൈദരാബാദും, മുൻ ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തയ്യാറെടുക്കുന്നത്. തോൽക്കുന്ന ടീമിന് ഐപിഎലിൽ മടക്ക ടിക്കറ്റുറപ്പിക്കാം. എന്നാൽ ജയിക്കുന്ന ടീമിന് ആദ്യ ക്വാളിഫയർ മത്സരത്തിൽ പരാജയപ്പെട്ട മുംബൈ ഇന്ത്യൻസുമായി കലാശക്കളിക്ക് ടിക്കറ്റെടുക്കാനായി പോരാടാം. ലീഗ് റൗണ്ടിലെ പതിനാല് മത്സരങ്ങളിൽ എട്ടെണ്ണത്തിൽ ജയിച്ച് മൂന്നാം സ്ഥാനക്കാരായാണ് ഹൈദരാബാദ് പ്ലേ ഓഫിൽ പ്രവേശിച്ചത്. ബൗളിംഗിലും ബാറ്റിംഗിലും ഏറെക്കുറെ സ്ഥിരത പുലർത്താൻ ഹൈദരാബാദിന് കഴിഞ്ഞു. റൺവേട്ടയിൽ ഓറഞ്ച് ക്യാപ്പണിഞ്ഞ് മുന്നിൽ നിൽക്കുന്ന നായകൻ ഡേവിഡ് വാർണർ തന്നെയാണ് ടീമിന്റെ കരുത്ത്.

പതിമൂന്ന് മത്സരങ്ങളിൽ നിന്നായി ഒരു സെഞ്ച്വറിയടക്കം 604 റൺസാണ് വാർണാർ വാരിക്കൂട്ടിയത്. ഓപ്പണിംഗ് വിക്കറ്റിൽ വാർണറുടെ കൂട്ടാളിയായ ശിഖർ ധവാനാണ് റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്തുള്ളത്. 468 റൺസാണ് ധവാന്റെ സമ്പാദ്യം. ഇരുവർക്കും ഒപ്പം കേൻ വില്യംസൺ കൂടി ചേരുന്നതോടെ ബാറ്റിംഗ് നിര കരുത്തരുടെ സംഘമായി മാറുന്നു. പ്രതിഭാധനരായ ഒരു പിടി താരങ്ങൾ ബൗളിംഗ് നിരയിലുമുണ്ട്. വിക്കറ്റ് വേട്ടക്കാരിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഭൂവനേശ്വർ കുമാർ തന്നെയാണ് ബൗളിംഗ് നിരയെ നയിക്കുന്നത്. സീസണിൽ 25 വിക്കറ്റ് വീഴ്ത്തിയ ഭൂവനേശ്വർ കുമാറിനൊപ്പം, 17 വിക്കറ്റ് നേടിയ റാഷിദ് ഖാനും, 16 വിക്കറ്റ് നേടിയ സിദ്ദാർഥ് കൗളുമാണ് ബൗളിംഗിൽ ടീമിന്റെ കുന്തമുന. എന്നാൽ പരിക്കേറ്റ യുവരാജ് സിംഗ് അന്തിമ ഇലവനിൽ ഇടം പിടിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. മറുഭാഗത്ത് പതിനാല് മത്സരങ്ങളിൽ നിന്ന് പതിനാറ് പോയിന്റുമായി നാലാം സ്ഥാനക്കാരായാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫിൽ കടന്നത്.

സീസണിൽ ആദ്യ ഘട്ടത്തിൽ വിജയവഴിയിൽ മുന്നേറിയ കൊൽക്കത്തയ്ക്ക് അവസാന ഘട്ടത്തിൽ തുടർ തോൽവികൾ നേരിടേണ്ടി വന്നതോടെയാണ് പോയിന്റ് പട്ടികയിൽ പിന്നാക്കം പോയത്. നായകൻ ഗൗതംഗാംഭീർ, റോബിൻ ഉത്തപ്പ, മനീഷ് പാണ്‌ഡെ എന്നിവരാണ് ബാറ്റിംഗ് നിരയിലെ കരുത്തർ. ഉമേഷ് യാദവ്, കുൽദീപ് യാദവ്, ട്രെൻ ബോൾട്ട് തുടങ്ങിയവർ അണിനിരക്കുന്ന ബൗളിംഗ് നിരയേയും എഴുതി തള്ളാനാകില്ല. ഒപ്പം ഓൾറൗണ്ടർമാരായി സുനിൽ നരെയ്‌നും, യൂസഫ് പഠാനും കൂടി എത്തുന്നതോടെ ടീം പൂർണസജ്ജം. എന്തായാലും മുന്നോട്ടുള്ള പാതയിൽ ജയം അനിവാര്യമായതിനാൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ പോരാട്ടം കടുക്കുമെന്നുറപ്പിക്കാം.

Social Icons Share on Facebook Social Icons Share on Google +