മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി പൂനെ സൂപ്പർ ജയിന്റ് ഐപിഎൽ ഫൈനലിൽ

മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി പൂനെ സൂപ്പർ ജയിന്റ് ഐപിഎൽ ഫൈനലിൽ കടന്നു. ഒന്നാം ക്വാളിഫയറിൽ 20 റൺസിനാണ് പൂനെ മുംബൈയെ കീഴടക്കിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തി മുംബൈ ബാറ്റിംഗിന്റെ നട്ടെല്ലൊടിച്ച വാഷിംഗ്ടൺ സുന്ദറാണ് കളിയിലെ താരം.

ലീഗ് റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായി മുന്നേറിയ മുംബൈ ഇന്ത്യൻസിനെ അവരുടെ തട്ടകത്തിൽ വീഴ്ത്തിയാണ് പൂനെയുടെ സൂപ്പർ ജയിന്റിന്റെ ജൈത്രയാത്ര. ആദ്യ ക്വാളിഫയറിൽ 20 റൺസിന്റെ ജയം സ്വന്തമാക്കി മുന്നേറിയ പൂനെ ഐപിഎല്ലിലെ തങ്ങളുടെ കന്നി ഫൈനലിനാണ് ടിക്കറ്റെടുത്തത്. പൂനെ ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയുടെ പോരാട്ടം 142 റൺസിൽ അവസാനിക്കുകയായിരുന്നു. അർദ്ധ സെഞ്ച്വറി നേടിയ പാർഥിവ് പട്ടേൽ മാത്രമാണ് മുംബൈ നിരയിൽ പിടിച്ചുനിന്നത്. പൂനെ ബൗളർമാർ കണിശതയോടെ പന്തെറിഞ്ഞപ്പോൾ അഞ്ച് മുംബൈ ബാറ്റ്‌സ്മാൻമാർ രണ്ടക്കം കാണാതെ പുറത്തായി. നായകൻ രോഹിത് ശർമ്മയേയും, അപകടകാരികളായ അമ്പാടി റായിഡുവിനേയും, കീറോൺ പൊള്ളാർഡിനേയും സുന്ദരമായ പന്തുകളിൽ പുറത്താക്കി വാഷിംഗ്ടൺ സുന്ദറാണ്  കളി പൂനെയ്ക്ക് അനുകൂലമായി തിരിച്ചത്. രോഹിത് ശർമ്മ ഒന്നും, കിറോൺ പൊള്ളാർഡ് 7 ഉം റൺസെടുത്ത് പുറത്തായപ്പോൾ, അമ്പാടി റായിഡുവിനെ അക്കൗണ്ട് തുറക്കുന്നതിന് മുൻപ് തന്നെ സുന്ദർ പറഞ്ഞുവിട്ടു. ഒരറ്റത്ത് പാർഥിവ് പട്ടേൽ പിടിച്ചുനിന്നെങ്കിലും മറുഭാഗത്ത് പിന്തുണ നൽകാൻ മുംബൈ നിരയിൽ ആരുമുണ്ടായിരുന്നില്ല. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി സുന്ദറും, ശ്രദ്ധുൽ ഠാക്കൂറും ചേർന്നാണ് മുംബൈയുടെ കഥ കഴിച്ചത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പൂനെ അർദ്ധ സെഞ്ച്വറി നേടിയ രഹാനയുടേയും, മനോജ് തിവാരിയുടേയും ചിറകിലേറിയാണ് മുന്നേറിയത്. രഹാനെ 43 പന്തിൽ ഒരു സിക്‌സും, അഞ്ച് ബൗണ്ടറികളുമടക്കം 56 റൺസ് അടിച്ചുകൂട്ടി. 48 പന്തിൽ രണ്ട് സിക്‌സും, നാല് ബൗണ്ടറികളും അടക്കം 58 റൺസെടുത്താണ് തിവാരി പുറത്തായത്. അവസാന ഘട്ടത്തിൽ കൂറ്റനടികളുമായി കളംനിറഞ്ഞ മഹേന്ദ്ര സിംഗ് ധോണിയുടേ പ്രകടനവും പൂനെ വിജയത്തിൽ നിർണായകമായി. വെറും 26 പന്തിൽ അഞ്ച് സിക്‌സറുകളുടെ അകമ്പടിയോടെ 40 റൺസെടുത്ത ധോണിയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് പൂനെ പൊരുതാവുന്ന സ്‌കോർ കണ്ടെത്തിയത്. ജയത്തോടെ ഐപിഎൽ പത്താം സീസൺ ഫൈനലിലെത്തുന്ന ആദ്യ ടീമായി പൂനെ മാറി. എന്നാൽ ഒന്നാം ക്വാളി ഫയർ തോറ്റ മുംബൈയ്ക്ക് ഇനി ഒരവസരം കൂടി മുന്നിലുണ്ട്. കൊൽക്കത്ത ഹൈദരാബാദ് എലിമിനേറ്ററിലെ വിജയികളുമായി മുംബൈ ഇനി ഏറ്റുമുട്ടും. പത്തൊൻപതിന് ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.

Social Icons Share on Facebook Social Icons Share on Google +