കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേചെയ്തു

മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാധവിന് പാക് സൈനിക കോടതി നല്‍കിയ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി തടഞ്ഞു. അന്തിമ ഉത്തരവ് പുറത്തിറങ്ങും വരെ വധശിക്ഷ നടപ്പാക്കരുതെന്ന് ഹേഗിലെ കോടതി നിര്‍ദേശിച്ചു. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് കുല്‍ഭൂഷണെ കാണാന്‍ പാകിസ്ഥാന്‍ അവസരം നല്‍കേണ്ടതായിരുന്നെന്നും കോടതി അഭിപ്രായപ്പെട്ടു.

മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാധവിന് നിയമസഹായമോ നീതിയുക്തമായ വിചാരണയോ നല്‍കാതെ വധിശിക്ഷക്ക് വിധിക്കുകയും നയതന്ത്ര ബന്ധം പുലര്‍ത്താന്‍ അനുവദിക്കണമെന്ന ഇന്ത്യയുടെ അപേക്ഷ ആവര്‍ത്തിച്ച് തള്ളുകയും ചെയ്ത പാകിസ്ഥാന് കനത്ത തിരിച്ചടിയാണ് ഹേഗിലെ അന്താരാഷ്ട്ര കോടതിയുടെ അടിയന്തര വിധി.

ഇന്ത്യയുടെ വാദങ്ങള്‍ പൂര്‍ണമായും അംഗീകരിച്ച ഐസിജെ പ്രസിഡന്റ് റോണി എബ്രഹാമിന്റെ നേതൃത്വത്തിലുള്ള 11 അംഗ ബെഞ്ച് കുല്‍ഭൂഷന്റെ വധശിക്ഷ സ്‌റ്റേ ചെയ്യുകയായിരുന്നു. കേസില്‍ കോടതി അന്തിമവിധി പറയും വരെ സൈനിക കോടതി വിധിച്ച വധശിക്ഷ നടപ്പാക്കരുതെന്നും അന്താരാഷ്ട്ര കോടതി നിര്‍ദേശിച്ചു.

കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് ഇടപെടാനുള്ള നിയമാധികാരമില്ലെന്ന പാകിസ്ഥാന്റെ വാദം ഐസിജെ തള്ളി. ചാരവൃത്തി നടത്തിയ കുല്‍ഭൂഷണ്‍ വിയന്ന കണ്‍വെന്‍ഷന്‍ ഉടമ്പടി പ്രകാരം നയതന്ത്ര സഹായം ലഭിക്കാന്‍ അര്‍ഹനല്ലെന്ന പാക് അവകാശവാദവും കോടതി തള്ളിക്കളഞ്ഞു. ചാരവൃത്തി നടത്തിയെന്ന കാര്യത്തിലും എവിടെ നിന്ന് അറസ്റ്റ് ചെയ്തു എന്നതടക്കമുള്ള വിഷയങ്ങളിലും ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. നയതന്ത്ര ബന്ധം സ്ഥാപിച്ചു കിട്ടണമെന്ന ഇന്ത്യയുടെ ആവശ്യത്തില്‍ കഴമ്പുണ്ടെന്നും കോടതി വ്യക്തമാക്കി.

ബിസിനസ് ആവശ്യത്തിന് ഇറാനിലെത്തിയ കുല്‍ഭൂഷണ്‍ ജാധവിനെ പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐ തട്ടിയെടുത്തതാണെന്നും ചാരവൃത്തി അടക്കമുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചത്. അന്താരാഷ്ട്ര കോടതിയുടെ വിധി പാകിസ്ഥാന് നടപ്പാക്കേണ്ടി വരുമെന്നും ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അന്താരാഷ്ട്ര തലത്തില്‍ നിരോധനമടക്കം നടപടികള്‍ നേരിടേണ്ടി വരുമെന്നും സാല്‍വെ വിധിക്കു ശേഷം പറഞ്ഞു.

വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ഹരീഷ് സാല്‍വെയും അടക്കം കേസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരെയും നന്ദിയും അഭിനന്ദനവും അറിയിക്കുന്നെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.

ജാധവിന്റെ കുടുംബാങ്ങള്‍ക്കും രാജ്യത്തെ ജനങ്ള്‍ക്കും വലിയ ആസ്വാസമാണ് കോടതിവിധിയെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പ്രതികരിച്ചു.

Social Icons Share on Facebook Social Icons Share on Google +