1211 ഉത്പന്നങ്ങളുടെ നികുതി നിരക്ക് ജി.എസ്.ടി കൗണ്‍സില്‍ യോഗം നിശ്ചയിച്ചു

1211 ഉത്പന്നങ്ങളുടെ നികുതി നിരക്ക് ജി.എസ്.ടി കൗണ്‍സില്‍ യോഗം നിശ്ചയിച്ചു. 7 ജി.എസ്.ടി നിയമങ്ങളും യോഗം അംഗീകരിച്ചു. 81 ശതമാനം ഉത്പന്നങ്ങളും 18 ശതമാനം നികുതി പരിധിക്ക് താഴെയാവും വരികയെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ അറിയിച്ചു.

ജമ്മു-കശ്മീര്‍ തലസ്ഥാനത്ത് ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലാണ് 1211 ഉത്പന്നങ്ങളുടെ നികുതി നിരക്ക് സംബന്ധിച്ച് തീരുമാനമായത്. 81 ശതമാനം ഉത്പന്നങ്ങളും 18 ശതമാനം നികുതി പരിധിക്ക് താഴെയാവും വരികയെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 19 ശതമാനം ഉത്പന്നങ്ങള്‍ക്ക് 18 ശതമാനത്തിലധികം നികുതി ഏര്‍പ്പെടുത്തും. താഴ്ന്ന നികുതി നിരക്കായ 5 ശതമാനം സ്‌ളാബിലുള്ളത് പഞ്ചസാര, തേയില, കാപ്പി, ഭക്ഷ്യ എണ്ണ, കല്‍ക്കരി, മധുര പലഹാരങ്ങള്‍ തുടങ്ങിയവയാണ്. സാദാരണക്കാര്‍ ഉപയോഗിക്കുന്ന മിക്ക വസ്തുക്കള്‍ക്കും 12 മുതല്‍ 18 ശതമാനം നികുതിയാണ് ചുമത്തുക. ടൂത്ത് പേസ്റ്റ്, ഹെയര്‍ ഓയില്‍, സോപ്പ് തുടങ്ങിയ സാധനങ്ങള്‍ക്ക് 18 ശതമാനമാവും നികുതി. സ്വര്‍ണം, ബീഡി തുടങ്ങിയ വസ്തുക്കളുടെ നികുതി സംബന്ധിച്ച് യോഗത്തിന്റെ രണ്ടാം ദിവസം ജി.എസ്.ടി കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. അതേസമയം സേവന നികുതി സംബന്ധിച്ചോ വാഹന രംഗത്തെ നികുതി സംബന്ധിച്ചോ ഇതുവരെ ചര്‍ച്ചകള്‍ നടന്നിട്ടില്ല. നികുതിയൊഴിവാക്കിയ ഉത്പന്നങ്ങളുടെ പട്ടികയിലേക്ക് തങ്ങള്‍ക്ക് താത്പര്യമുള്ള ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്താന്‍ യോഗത്തിന്റെ ആദ്യ ദിവസം സംസ്ഥാനങ്ങള്‍ തമ്മില്‍ മത്സരം നടന്നു. ചില സംസ്ഥാനങ്ങള്‍ പരുത്തി നൂലിന് നികുതി ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പൂജാ സാമഗ്രികള്‍ക്ക് ഇളവ് നല്‍കണമെന്നായിരുന്നു ഉത്തര്‍പ്രദേശിന്റെ ആവശ്യം.

അന്തിമ നികുതി നിരക്കുകള്‍ സംബന്ധിച്ച് തീരുമാനമായില്ലെങ്കില്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗം വീണ്ടും ചേരുമെന്ന് ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി അറിയിച്ചു. ജൂലൈ 1 മുതല്‍ ചരക്ക് സേവന നികുതി രാജ്യത്ത് നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Social Icons Share on Facebook Social Icons Share on Google +