മുത്തലാഖ് : കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി; കേസ് വിധി പറയാന്‍ മാറ്റിവെച്ചു

മുത്തലാഖ് കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ സുപ്രീംകോടതി കേസ് വിധി പറയാന്‍ മാറ്റിവെച്ചു. ചീഫ് ജസ്റ്റിസ് ജെ. എസ്. കേഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് തുടര്‍ച്ചയായ 6 ദിവസം കേസില്‍ വാദം കേട്ടത്.

മുത്തലാഖ്, ബഹുഭാര്യത്വം, നിക്കാഹ് ഹലാല തുടങ്ങിയ നടപടികള്‍ ഭരണഘടനാ വിരുദ്ധവും സ്ത്രീ വിരുദ്ധവുമാണെന്ന് കാട്ടി സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. ബഹുഭാര്യത്വം, നിക്കാഹ് ഹലാല തുടങ്ങിയ വിഷയങ്ങള്‍ ഇപ്പോള്‍ പരിഗണിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വാദം ആരംഭിച്ചപ്പോള്‍ തന്നെ കോടതി വ്യക്തമാക്കിയിരുന്നു. വിവാഹ സമയത്ത് ഒപ്പിടുന്ന കരാറായ നിക്കാഹ് നാമയില്‍ സ്ത്രീയുടെ അഭിപ്രായം കൂടി ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം ഇസ്‌ളാമിക നിയമജ്ഞര്‍ക്ക് നല്‍കാമെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അവസാന ദിവസത്തെ വാദത്തില്‍ കോടതിയെ അറിയിച്ചു. മത വിശ്വാസങ്ങളിലും ആചാരങ്ങളിലും കോടതി ഇടപെടരുതെന്നുള്ള വാദം അവസാന ദിവസം മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ അഭിഭാഷകനും മുന്‍ കേന്ദ്ര മന്ത്രിയുമായ കപില്‍ സിബല്‍ ആവര്‍ത്തിച്ചു.

സ്രഷ്ടാവിനും സൃഷ്ടിക്കുമിടയിലുള്ള പാപമാണ് മുത്തലാഖെന്ന് പരാതിക്കാരിയായ സൈറാ ബാനുവിന്റെ അഭിഭാഷകനായ അമിത് ചന്ദ വാദിച്ചു. 6 ദിവസത്തെ വാദത്തിനിടെ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡും ജമാ അത്തെ ഇസ്‌ളാമിയും മുത്തലാഖിനെ അനുകൂലിച്ച് വാദമുഖങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ ഹര്‍ജിക്കാരും കേന്ദ്ര സര്‍ക്കാരും മറ്റു ചില സംഘടനകളും മുത്തലാഖിനെ എതിര്‍ത്ത് നിലപാടെടുത്തു. മുത്തലാഖ് ലിംഗവിവേചനവും ഭരണഘടനാ ലംഘനവുമാണെന്നും ഇത് കോടതി അവസാനിപ്പിച്ചാല്‍ പുതിയ നിയമം കൊണ്ടുവരാന്‍ തയാറാണെന്നുമാണ് കേന്ദ്ര സര്‍ക്കാറിനു വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി അറിയിച്ചത്.

Social Icons Share on Facebook Social Icons Share on Google +