ഐപിഎൽ രണ്ടാം ക്വാളിഫയറിൽ ഇന്ന് മുംബൈ – കൊൽക്കത്ത മത്സരം

ഐപിഎൽ കലാശപ്പോരിന് ടിക്കറ്റെടുക്കാൻ രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ഇന്ന് ഏറ്റുമുട്ടും. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി എട്ട് മണിക്കാണ് മത്സരം. ജയിക്കുന്നവർ ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ പൂനെ സൂപ്പർജയിന്റിനെ നേരിടും.

ഐപിഎൽ പത്താം സീസണിൽ രണ്ടാം ഫൈനലിസ്റ്റുകളെ നിർണയിക്കുന്ന മത്സരത്തിനാണ് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്. രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസും, കൊൽക്കത്ത നൈറ്റ് റൈഡേഴുസുമാണ് കൊമ്പുകോർക്കുന്നത്. ലീഗ് റൗണ്ടിൽ പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബൈ ഇന്ത്യൻസ് ആദ്യ ക്വാളിഫയറിൽ പൂനെയോട് പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് രണ്ടാം ക്വാളിഫയറിൽ ടീമിന് മത്സരിക്കേണ്ടിവരുന്നത്. പൂനെക്കെതിരെ സംഭവിച്ച പിഴവുകൾ തിരുത്തി വിജയവഴിയിൽ തിരിച്ചെത്താനുള്ള ശ്രമത്തിലാണ് രോഹിത് ശർമ്മയും കൂട്ടരും. ലെൻഡിൽ സിമ്മൺസും, രോഹിത് ശർമ്മയും, കീറോൺ പൊള്ളാർഡും, അമ്പാട്ടി റായിഡുവും ചേരുന്ന ബാറ്റിംഗ് നിര സീസണിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ലസിത് മലിംഗ, മിച്ചൽ മക്‌ളീനഗൻ, ജസ്പ്രീത് ബുംറ എന്നിവരാണ് ബൗളിംഗ് നിരയിലെ കരുത്തർ. ബാറ്റിംഗിലും, ബൗളിംഗിലും മികവ് കാട്ടുന്ന ഹർദ്ദിക് പാണ്ഡ്യയുടെ സാനിധ്യവും മുംബൈയ്ക്ക് കരുത്തേകും.

അതേസമയം എലിമിനേറ്ററിൽ നിലവിലെ ചാംപ്യൻമാരായ സൺറൈസേഴ്‌സ് ഹൈദരാബാദിനെ വീഴ്ത്തിയാണ് കൊൽക്കത്തയുടെ വരവ്. ഗാംഭീർ നയിക്കുന്ന ടീമിൽ കരുത്തരുടെ നീണ്ട നിര തന്നെയുണ്ട്. റോബിൻ ഉത്തപ്പ, ക്രിസ് ലയൺ, യൂസഫ് പഠാൻ തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ബാറ്റിംഗ് നിരയ്ക്ക് ഏത് ബൗളിംഗ് നിരയേയും അടിച്ചു പറത്താൻ കെൽപ്പുണ്ട്. ഉമേഷ് യാദവ്, കുൽദീപ് യാദവ്, ട്രെൻ ബോൾട്ട് തുടങ്ങിയവർ അണിനിരക്കുന്ന ബൗളിംഗ് നിരയേയും എഴുതി തള്ളാനാകില്ല. ഒപ്പം ഓൾറൗണ്ടർമാരായി സുനിൽ നരെയ്‌നും, യൂസഫ് പഠാനും കൂടി എത്തുന്നതോടെ ടീം പൂർണസജ്ജം. എന്തായാലും ഐപിഎൽ രണ്ട് തവണ കിരീടമുയർത്തിയ കൊൽക്കത്തയും, മുംബൈയും വീണ്ടും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ പൊരാട്ടം കടുക്കുമെന്നുറപ്പിക്കാം.

Social Icons Share on Facebook Social Icons Share on Google +