ഇറാനിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന്

ഇറാനിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന്. നിലവിലെ പ്രസിഡന്റ് ഹസ്സൻ റൂഹാനിയും യാഥാസ്ഥിതിക നിലപാടുകാരനായ ഇബ്രാഹിം റഹീസിയും തമ്മിലാണ് പ്രധാന മത്സരം.
ആണവ പ്രശ്‌നത്തിന്റെ പേരിൽ ഒറ്റപ്പെട്ട ഇറാനെ വീണ്ടും മുഖ്യധാരയിലേക്ക് എത്തിച്ച ഹസ്സൻ റൂഹാനി തന്നെ വിജയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇറാൻ ജനത ഇന്ന് വിധിയെഴുതുകയാണ്. 2015 ലെ നാഴികകല്ലായ ആണവകരാറിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പെന്ന നിലയിൽ ലോകം തന്നെ ഇറാൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിനെ ഉറ്റുനോക്കുകയാണ്. അന്താരാഷ്ട്ര സമൂഹവുമായി ഇറാന്റെ ബന്ധം മോശപ്പെടുന്ന സാഹചര്യത്തിൽ കൂടിയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത് എന്നതും ശ്രദ്ധേയം. നിലവിലെ പ്രസിഡന്റ് ഹസ്സൻ റുഹാനിയും, പാരമ്പര്യ വിഭാഗത്തിന്റെ സ്ഥാനാർഥി ഇബ്രാഹിം റഹീസിയും തമ്മിലാണ് തെരഞ്ഞെടുപ്പിൽ പ്രധാന മത്സരം.

1981 മുതൽ നിലവിലുള്ള പ്രസിഡന്റ് രണ്ടാം തവണ ജനവിധി തേടിയപ്പോഴൊക്കെ വിജയിച്ച ചരിത്രമാണ് ഇറാനിലുള്ളത്. റുഹാനിയുടെ കാര്യത്തിലും ഈ ചരിത്രം ആവർത്തിക്കപ്പെടുമെന്നാണ് അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. മുസ്തഫ ഹാഷിം ഇതാബ, മുസ്തഫ മിർ സാലിം എന്നീ സ്ഥാനാർഥികൾ കൂടി രംഗത്തുണ്ടെങ്കിലും ഇവർ കാര്യമായ ചലനം ഉണ്ടാക്കാൻ സാധ്യതയില്ല. ഇന്ന് ആർക്കും 50 ശതമാനം വോട്ട് നേടാൻ കഴിഞ്ഞില്ലെങ്കിൽ ആദ്യ രണ്ട് സ്ഥാനക്കാർ തമ്മിൽ രണ്ടാം ഘട്ടത്തിൽ അടുത്തയാഴ്ച വീണ്ടും ഏറ്റുമുട്ടും. തെരഞ്ഞെടുപ്പിൽ റുഹാനി പരാജയപ്പെട്ടാൽ് പരിഷ്‌കരണ വാദികൾക്ക് കനത്ത തിരിച്ചടി നൽകി യാഥാസ്ഥിതിക വാദികൾക്ക് അധികാരത്തിൽ തിരിച്ചെത്താൻ അവസരമൊരുങ്ങും. തെരഞ്ഞെടുപ്പിൽ റുഹാനിയുടെ മുഖ്യ എതിരാളിയായ തീവ്ര നിലപാടുകാരൻ ഇബ്രാഹിം റെഹീസിക്ക് വിപ്ലവഗാർഡുകളുടെ പിന്തുണയുണ്ടെന്നാണ് സൂചന.

Social Icons Share on Facebook Social Icons Share on Google +