യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെ കുറിച്ച് റോബർട്ട് മ്യൂള്ളർ അന്വേഷിക്കും

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെ കുറിച്ച് അന്വേഷിക്കാൻ മുൻ എഫ്ബിഐ മേധാവി റോബർട്ട് മ്യൂള്ളറെ നിയമിച്ചു. ഡപ്യൂട്ടി അറ്റോർണി ജനറൽ റോഡ് റോസൻസ്റ്റീനാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.

ട്രംപ് എഫ്ബിഐ ഡയറക്ടറായിരുന്ന ജയിംസ് കോമിയെ സ്ഥാനത്ത് നിന്നും പുറത്താക്കിയതിനെ തുടർന്നാണ് റഷ്യൻ ബന്ധത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം വേണമെന്ന ആവശ്യം ഉയർന്നത്.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ പ്രചാരണ സംഘങ്ങൾ റഷ്യയുമായി ബന്ധം പുലർത്തിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളാണ് മുൻ എഫ്ബിഐ മേധാവിയിയിരുന്ന റോബർട്ട് മ്യൂള്ളർ അന്വേഷിക്കുക. പൊതുജന താത്പര്യം കണക്കിലെടുത്താണ് ഭരണത്തിൽ ഒരു ചുമതലയും ഇല്ലാത്ത മുൻ എഫ്ബിഐ തലവനെ അന്വേഷണ ചുമതല ഏൽപ്പിച്ചതെന്ന് ഡപ്യൂട്ടി അറ്റോർണി ജനറൽ റോഡ് റോസൻസ്റ്റീൻ വ്യക്തമാക്കി. അന്വേഷണ ചുമതല ഏറ്റെടുക്കുമെന്ന് മുള്ളറും അറിയിച്ചു.

ട്രംപ് ടീമിന്റെ റഷ്യൻ ബന്ധം അന്വേഷിക്കുന്നതിനൊപ്പം കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ പ്രോസിക്യൂട്ട് ചെയ്യാനും വിപുലമായ അധികാരങ്ങൾ മ്യൂള്ളർക്ക് നൽകിയിട്ടുണ്ട്. എഫ്ബിഐ ഡയറക്ടർ ജയിംസ് കോമിയെ പുറത്താക്കിയ ട്രംപിന്റെ നടപടിയെ കുറിച്ചും മ്യുള്ളർ അന്വേഷിക്കും. അതേസമയം രഹസ്യ രേഖകൾ റഷ്യയുമായി പങ്കുവെച്ചെന്ന റിപ്പോർട്ട് വിവാദമായിരിക്കെ പുതിയ നടപടി കൂടി വന്നത് ട്രംപിന് തലവേദനയായിരിക്കുകയാണ്. അന്വേഷണ തീരുമാനത്തെ വിമർശിച്ച് ട്രംപ് രംഗത്തെത്തുകയും ചെയ്തു. അമേരിക്കയുടെ ചരിത്രത്തിൽ ഇതിന് മുൻപ് ഒരു രാഷ്ട്രീയ നേതാവും ഇത്തരത്തിൽ വേട്ടയാടപ്പെട്ടിട്ടില്ലെന്ന് ട്രംപ് ട്വിറ്ററിൽ കുറിച്ചു. അന്വേഷണം പൂർത്തിയാകുമ്പോൾ ഒരു തരത്തിലുള്ള ക്രമക്കേടും തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് വ്യക്തമാകുമെന്നും ട്രംപ് പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +