ഇന്ത്യൻ തീരങ്ങളിൽ സമുദ്രമത്സ്യ ലഭ്യതയിൽ നേരിയ വർദ്ധനവ്

ഇന്ത്യൻ തീരങ്ങളിൽ നിന്ന് കഴിഞ്ഞ വർഷം ലഭിച്ച സമുദ്രമത്സ്യ ലഭ്യതയിൽ നേരിയ വർദ്ധനവ് ഉള്ളതായി സി.എം.എഫ്.ആർ.ഐ തയ്യാറാക്കിയ വാർഷിക റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ മത്തിയുടെ ലഭ്യതയിൽ വീണ്ടും ഇടിവ് പ്രകടമാണെന്നും റിപ്പോർട്ട്. അമിത മത്സ്യബന്ധനവും വൻതോതിൽ ചെറുമീനുകളെ പിടിക്കുന്നതുമാണ് കേരളത്തിൽ മത്തി കുറയാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ഇന്ത്യയിൽ കഴിഞ്ഞ വർഷത്തെ സമുദ്രമത്സ്യ ലഭ്യത 3.63 ദശലക്ഷം ടൺ ആണ്. മുൻവർഷത്തെ അപേക്ഷിച്ച് 6.6 ശതമാനത്തിന്റെ വർദ്ധനവ്. ബംഗാളികളുടെ പ്രിയ മത്സ്യമായ ഹിൽസ വൻതോതിൽ വർദ്ധിച്ചതിനാൽ ബംഗാളിൽ മീൻലഭ്യത ഇരട്ടിയായി വർദ്ധിച്ചു. മത്സ്യലഭ്യതയിൽ കേരളം ആദ്യമായി നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2013 മുതലാണ് കേരളത്തിന് ഒന്നാംസ്ഥാനം നഷ്ടമായത്. ഗുജറാത്ത്, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉള്ളത്. കേരളതീരങ്ങളിലെ മീൻപിടുത്ത കാര്യങ്ങളിൽ കൂടുതൽ നിയന്ത്രണം വേണമെന്ന് സി.എം.എഫ്.ആർ.ഐ ഡയറക്ടർ എ.ഗോപാലകൃഷ്ണൻ പറഞ്ഞു.

1998 ന് ശേഷം കേരളത്തിൽ മത്തി ഇത്രയും കുറയുന്നത് ആദ്യമായാണ്. അുൻവർഷത്തേക്കാൾ 32.ശ്രശതമാനം കുറഞ്ഞ് 45,958 ടൺ മത്തിയാണ് കഴിഞ്ഞ വർഷം കേരളത്തിൽ ലഭിച്ചത്. ഓരോ വർഷവും മത്തിയുടെ ലഭ്യത കുറഞ്ഞ് വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അയലയുടെ കാര്യത്തിൽ 33 ശതമാനത്തിന്റെയും കുറവുണ്ടായി എന്ന് മാത്രമല്ല കിളിമീനിന്റെ ലഭ്യതയിലും ഇത്തവണ കുറവുണ്ടായിട്ടുണ്ട്.

കേരളത്തിൽ കുറഞ്ഞെങ്കിലും രാജ്യത്ത് ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യം അയലയാണ്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം കഴിഞ്ഞ വർഷം പുതുതായി കണ്ടെത്തിയ പുള്ളിഅയല മത്സ്യം കേരളതീരത്തുനിന്ന് മാത്രമാണ് ലഭിച്ചത്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് സമുദ്രത്തിൽ ചൂട് വർദ്ധിക്കുന്നതും സമുദ്രജലനിരപ്പ് ഉയരുന്നതും മത്സ്യസമ്പത്തിനെ ബാധിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

Social Icons Share on Facebook Social Icons Share on Google +