ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷിതത്വം തെളിയിക്കാനുള്ള പ്രദർശനം നാളെ

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സുരക്ഷിതമാണെന്ന് കാണിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നാളെ യന്ത്രങ്ങളുടെ പ്രദര്‍ശനം നടത്തും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും യന്ത്രങ്ങളിലെ ക്രമക്കേട് തെളിയിക്കാന്‍ അവസരം നല്‍കാനുള്ള തീയതിയും കമ്മീഷന്‍ നാളെ പ്രഖ്യാപിക്കും.

വോട്ടിംഗ് യന്ത്രങ്ങളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി സംശയമുന്നയിച്ച സാഹചര്യത്തിലാണ് യന്ത്രങ്ങളില്‍ അട്ടിമറി നടത്താനുള്ള വെല്ലുവിളിയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് പോകുന്നത്. നാളെ ഡല്‍ഹിയില്‍ വിഗ്യാന്‍ ഭവനില്‍ വൈകിട്ട് 3 മണിക്ക് വിളിച്ചിരിക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ ‘ഹാക്കത്തോണ്‍’ പരിപാടിയുടെ തീയതി പ്രഖ്യാപിക്കും. വോട്ടിംഗ് യന്ത്രം സുരക്ഷിതമാണെന്ന് സ്ഥാപിക്കാന്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ കഴിഞ്ഞയാഴ്ച വിളിച്ച സര്‍വ കക്ഷിയോഗത്തില്‍ വെല്ലുവിളി ആവര്‍ത്തിച്ചിരുന്നെങ്കിലും തീയതി പ്രഖ്യാപിച്ചിരുന്നില്ല. നാളെ ഉച്ചക്ക് 1 മണി മുതല്‍ 2.50 വരെ വോട്ടിംഗ് യന്ത്രങ്ങളുടെ പ്രത്യേക പ്രദര്‍ശനവും വിഗ്യാന്‍ ഭവനില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘടിപ്പിച്ചിട്ടുണ്ട്. വിവിപാറ്റ് യന്ത്രങ്ങളെക്കുറിച്ചും പ്രദര്‍ശനത്തില്‍ വിവരിക്കും.

ഉത്തര്‍പ്രദേശിലടക്കം ബിജെപിയുടെ അസാധാരണ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബിഎസ്പി അധ്യക്ഷ മായാവതിയാണ് വോട്ടിംഗ് യന്തര്ത്തിലെ ക്രമക്കേടിെക്കുറിച്ച് ആദ്യം സംശയമുയര്‍ത്തിയത്. പിന്നീട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആരോപണം ഏറ്റെടുത്തു. ഡല്‍ഹി നിയമസഭാ സമ്മേളനത്തില്‍ വെച്ച് ആംആദ്മി പാര്‍ട്ടി എംഎല്‍എ സൗരഭ് ഭരദ്വാജ് വോട്ടിംഗ് യന്ത്രത്തിന്റെ മാതൃകയില്‍ ക്രമക്കേട് നടത്തിക്കാണിക്കുകയും ചെയ്തിരുന്നു. ഇവിഎം ക്രമക്കേടില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘം രാഷ്ട്രപതിയെയും കണ്ട് പരാതി നല്‍കിയിരുന്നു.

Social Icons Share on Facebook Social Icons Share on Google +