മഹാഭാരതം ഉടൻ സിനിമയാക്കുമെന്ന് എസ് എസ് രാജമൗലി

മഹാഭാരതം ഉടൻ സിനിമയാക്കുമെന്ന് എസ് എസ് രാജമൗലി. ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാജമൗലി പുതിയ വെളിപ്പെടുത്തൽ നടത്തിയത്. മുൻപ് ഇതെക്കുറിച്ച് ചോദിക്കുമ്പോൾ പത്ത് വർഷത്തിനപ്പുറമേ മഹാഭാരതത്തെക്കുറിച്ച് ചിന്തിക്കുള്ളൂ എന്ന് രാജമൗലി പറഞ്ഞിരുന്നു

എം ടിയുടെ രണ്ടാമൂഴം മഹാഭാരതം എന്ന പേരിൽ സിനിമയായെത്തുമ്പോൾ ആരാധകർ പ്രതീക്ഷയിലാണ്. അതിനിടെയാണ് പുതിയ വെളിപ്പെടുത്തലുമായി.രാജമൗലി എത്തിയിരിക്കുന്നത്. ബാഹുബലിയുടെ അലയൊലികൾ തീർന്നിട്ടില്ല സിനിമാ ലേകത്ത്. അതിനിടെ രാജമൗലിയുടെ ഈ ചിന്ത തന്നെ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. രണ്ടാമൂഴം പ്രോജക്ട് ആരംഭിക്കും മുമ്പേ പ്രേക്ഷകർക്കിടയിൽ ഉയർന്നുകേട്ടത് രാജമൗലിയുടെ മഹാഭാരതത്തെക്കുറിച്ചാണ്. ബാഹുബലിപോലുള്ള ബ്രഹ്മാണ്ഡ സിനിമ ചെയ്ത രാജമൗലിയുടെ സ്വപ്നപദ്ധതിയാണ് മഹാഭാരത. ഏകദേശം രണ്ടുവർഷങ്ങൾക്ക് മുമ്പാണ് ഈ പ്രോജക്ടിനെക്കുറിച്ച് രാജമൗലി ആദ്യമായി വെളിപ്പെടുത്തുന്നത്. അന്ന് പത്ത് വർഷത്തിന് ശേഷം ഈ സിനിമ തുടങ്ങുമെന്നുമാണ് രാജമൗലി അറിയിച്ചത്.
പിന്നീട് പല തവണ ഈ പ്രോജ്ക്ടിനെക്കുറിച്ച് ചോദിച്ചെങ്കിലും പത്തുവർഷത്തിന് ശേഷം തുടങ്ങുമെന്നല്ലാതെ മറ്റൊരു വാക്കുപോലും പറഞ്ഞിരുന്നില്ല. എന്നാൽ ഈ അടുത്തിടെ ഒരു തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഈ പ്രോജക്ടിനെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തി. അടുത്ത എട്ടുവർഷത്തിനുള്ളിൽ മഹാഭാരതം ഏറ്റെടുക്കുമെന്നാണ് രാജമൗലി പറഞ്ഞിരിക്കുന്നത്.
‘എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന സിനിമയാണ് മഹാഭാരത. എന്നാൽ പെട്ടന്നൊരു സുപ്രഭാതത്തിൽ അത് ചെയ്യാനാകില്ല. കുട്ടിക്കാലം മുതലെ മഹാഭാരതത്തിന്റെ പല വാഖ്യാനങ്ങൾ വായിച്ചിട്ടുണ്ട്. എന്റെ മനസ്സിൽ ഇതൊരു മെഗാ മെഗാ പ്രോജക്ട് ആണ്. ഇപ്പോൾ അതിൽ പ്രവർത്തിക്കുക കഠിനമായിരിക്കും. ഇതൊരു പത്ത് വർഷത്തെ പ്രോജക്ട് ആണ്.’
‘സാങ്കേതികപരമായി ഈ ചിത്രം എങ്ങനെ കൈകാര്യം ചെയ്യാനാകും എന്നൊരു ഭയം എന്റെ ഉള്ളിലുണ്ട്. സാങ്കേതികപരമായി മാത്രമല്ല മറ്റുപല തലങ്ങളിലും. കാരണം വെറുതെ കുറേ താരങ്ങളെ തിരഞ്ഞെടുത്താൽ അതൊരിക്കലും നന്നായി വരുകയില്ല. കൃത്യമായ താരങ്ങളെ കണ്ടെത്തണം. അവരെ ഓരോ കഥാപാത്രങ്ങളിലേക്ക് വാർത്തെടുക്കണം. ശരിക്കും അതികഠിനമാണ് ഈ പ്രക്രിയ. മാത്രമല്ല വലിയ വെല്ലുവിളിയും.’രാജമൗലി പറഞ്ഞു.
‘കൂടാതെ മഹാഭാരതത്തെക്കുറിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇന്നോളം പതിഞ്ഞിട്ടുള്ള മറ്റെല്ലാ വ്യാഖ്യാനങ്ങളെയും നീക്കികളയുന്നതാകണം എന്റെ മഹാഭാരതം. അവർ പറയണം ഇതാണ് മഹാഭാരതമെന്ന്. എന്നാൽ എട്ടുവർഷം പിന്നിടുമ്പോൾ ഇതിനുള്ള ആരോഗ്യവും ശക്തിയുമൊക്കെ എനിക്കുണ്ടാകുമോ എന്നൊരു സംശയമുണ്ട്. എന്നാലും ഞാനത് ചെയ്യും. എട്ട് വർഷം കഴിയുമ്പോൾ.’രാജമൗലി പറഞ്ഞു.
രണ്ടുവർഷം മുമ്പ് മഹാഭാരതം പ്രോജക്ടിനെക്കുറിച്ച് രാജമൗലി പറഞ്ഞ വാക്കുകളിലേക്ക്
ഏകദേശം ഒരു പത്തുവർഷമെങ്കിലും അനുഭവസമ്പത്തുണ്ടെങ്കിലെ മഹാഭാരതം സിനിമയാക്കാൻ തുടങ്ങാനെങ്കിലും എനിക്ക് സാധിക്കൂ. ആ കഥ പൂർണമാകണമെങ്കിൽ നാലു ഭാഗങ്ങളെങ്കിലും വേണ്ടി വരും. കൃത്യമായി പറയാം. ബാഹുബലി രണ്ടു ഭാഗങ്ങളാക്കാൻ ആദ്യമേ തന്നെ തീരുമാനിച്ചിരുന്നു. പ്രഭാസ് അതിനായി തന്റെ മൂന്നുവർഷം മാറ്റിവച്ചു. അയാൾ എന്റെ സ്വപ്നം പങ്കുവക്കുകയായിരുന്നു ഈ ചിത്രത്തിലൂടെ. രാജമൗലി പറഞ്ഞു.
ഇനി മഹാഭാരതത്തിലേക്ക് കടക്കാം, നാലു ഭാഗങ്ങൾ വേണ്ടി വരുന്ന ഈ സിനിമ പൂർത്തിയാക്കാൻ ആറുവർഷമെങ്കിലും വേണ്ടി വരും. അതിന് വേണ്ട കഥാപാത്രങ്ങളായ കൃഷ്ണ, ദുര്യോധന, ഭീമ, അർജുനൻ, കർണ അങ്ങനെ ഒരുപാട്‌പേർ സിനിമയിൽ അഭിനയിക്കേണ്ടി വരും.ഈ സിനിമയിൽ അഭിനയിക്കാൻ തന്റെ കരിയറിന്റെ ആറുവർഷം നൽകുന്ന ഏത് താരം കാണും. അതൊരിക്കലും സാധ്യമാകില്ല. ഒരു സൂപ്പർതാരത്തെ സംബന്ധിച്ചിടത്തോളം ഒരിക്കലും പൂർണമായി ആറുവർഷം ഒരു ചിത്രത്തിന് വേണ്ടി സമർപ്പിക്കാൻ സാധിക്കില്ല – രാജമൗലി പറയുന്നു.
ഇനി മഹാഭാരതം സിനിമയാക്കണമെങ്കിൽ നമുക്ക് ‘താരങ്ങളെ’ സൃഷ്ടിക്കേണ്ടി വരും, നിലവിലുള്ള താരങ്ങളെവച്ച് ഈ സിനിമ ചെയ്യാനാകില്ല. ഹോളിവുഡിലെ ഗെയിം ഓഫ് ത്രോൺസ് സീരിസിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. അതിൽ രണ്ടോ മൂന്നോ താരങ്ങളൊഴിച്ചാൽ ഈ സീരിസ് ആദ്യമായി തുടങ്ങുമ്പോൾ ഇതിൽ അഭിനയിച്ചിരുന്നവരെ ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടായിരുന്നോ? എന്നാൽ അതേ സീരിസിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ സീസൺ അവസാനിക്കുമ്പോഴേക്കും അവർ നിങ്ങളുടെ പ്രിയതാരങ്ങളായി മാറികഴിയും. അത് മാത്രമല്ല ഈ വേഷം വേറെ ആരും ചെയ്യരുതെന്നും നിങ്ങൾ ആഗ്രഹിക്കും. അങ്ങനെയാണ് ഈ സിനിമ ചെയ്യേണ്ടത്. അതിനായി നമ്മൾ ‘താരങ്ങളെ’ സൃഷ്ടിക്കണം. രാജമൗലി പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +