ഗൾഫ് പ്രതിസന്ധിയിൽ നിലപാട് കടുപ്പിച്ച് ഖത്തർ രംഗത്ത്

ഗൾഫ് പ്രതിസന്ധിയിൽ നിലപാട് കടുപ്പിച്ച് ഖത്തർ രംഗത്ത്. പ്രതിസന്ധി പരിഹരിക്കാൻ രാജ്യത്തിന്റെ വിദേശ നയം മാറ്റണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽത്താനി വ്യക്തമാക്കി. അതേസമയം പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങൾ കുവൈത്തിന്റെ നേതൃത്വത്തിൽ തുടരുകയാണ്.

സൗദി അറേബ്യയടക്കമുള്ള രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചതോടെ ഗൾഫ് മേഖലയിൽ ഉടലെടുത്ത പ്രതിസന്ധി തുടരുകയാണ്. പ്രശ്‌നപരിഹാരത്തിനായി ശ്രമം നടക്കുന്നതിനിടെയാണ് നിലപാട് കടുപ്പിച്ച് ഖത്തർ രംഗത്തെത്തിയത്. വിദേശ നയത്തിൽ ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് ഖത്തർ വ്യക്തമാക്കി. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ഖത്തറിനുണ്ടെന്നും, രാജ്യത്തിന്റെ വിദേശ നയത്തിൽ മാറ്റം വരുത്തണമെന്ന  ആവശ്യം അംഗീകരിക്കാനാകില്ലെന്നും ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനി വ്യക്തമാക്കി. രാജ്യത്തെ ജനജീവിതത്തെ പ്രശ്‌നം ഒരു തരത്തിലും ബാധിക്കില്ലെന്നും, സമാധാനത്തിന്റെ വേദിയാണ് ഖത്തറെന്നും അദ്ദേഹം പ്രതികരിച്ചു.

ശത്രുരാജ്യങ്ങളോട് പെരുമാറുന്നത് പോലെയാണ് ജിസിസി രാജ്യങ്ങൾ ഖത്തറിനോട് നിലപാടെടുത്തതെന്നും, സമാധാനപരമായി പ്രശ്‌നങ്ങൾ പരിഹരിക്കുകയാണ് ഖത്തറിന്റെ നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ കുവൈറ്റിന്റെ നേതൃത്വത്തിൽ തുടരുകയാണ്. കുവൈറ്റ് അമീർ ശൈഖ് സബാഹ് അൽഅഹമ്മദ് അൽ ജാബിർ അൽസബാഹ് ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി.

Social Icons Share on Facebook Social Icons Share on Google +