ഇഗ്‌നൈറ്റർ, ഹങ്ക് തുടങ്ങിയ വാഹനങ്ങളുടെ നിർമാണവും വിൽപ്പനയും അവസാനിപ്പിച്ചു

ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് ചില മോഡലുകളുടെയും വകഭേദങ്ങളുടെയും നിർമാണവും വിൽപ്പനയും അവസാനിപ്പിച്ചു. ഉൽപന്ന ശ്രേണി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇഗ്‌നൈറ്റർ, ഹങ്ക് തുടങ്ങിയ വാഹനങ്ങളുടെ നിർമാണവും വിൽപനയുമാണ് കമ്പനി അവസാനിപ്പിച്ചത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോ കോർപ് ‘ഇഗ്‌നൈറ്റർ’, ‘ഹങ്ക്’, ‘എച്ച് എഫ് ഡോൺ’ എന്നീ മോട്ടോർ സൈക്കിളുടെ നിർമാണവും വിപണനവുമാണ് അവസാനിപ്പിച്ചത്. ‘മാസ്‌ട്രോ’ സ്‌കൂട്ടറിന്റെയും ‘പാഷൻ എക്‌സ് പ്രോ’, ‘സ്‌പ്ലെൻഡർ പ്രോ ക്ലാസിക്’, ‘കരിസ്മ ആർ’ തുടങ്ങിയ മോട്ടോർ സൈക്കിളുകളുടെയും ചില വകഭേദങ്ങളും കമ്പനി അവസാനിപ്പിച്ചിട്ടുണ്ട്. ഉൽപന്ന ശ്രേണി പുനഃസംഘടിപ്പിക്കുകയാണെന്ന്
ഹീറോ മോട്ടോ കോർപ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌കൂട്ടറുകളുടെയും പ്രീമിയം ബൈക്കുകളുടെയും ശ്രേണി വിപുലീകരിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതിന്റെ ഭാഗമായി നിലവിലുള്ള മോഡലുകളുടെ നാലു പുതുവകഭേദങ്ങൾ കമ്പനി പുറത്തിറക്കി: ‘ഗ്ലാമർ’, ‘മാസ്‌ട്രോ എഡ്ജ്’, ‘ഡ്യുവറ്റ്’, ‘പ്ലഷർ’ എന്നിവയ്ക്കാണു പുതിയ വകഭേദങ്ങൾ എത്തിയത്. നടപ്പു സാമ്പത്തിക വർഷം ആറു പുതിയ മോഡലുകൾ അവതരിപ്പിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്.അടുത്ത വർഷം ഓട്ടോ എക്‌സ്‌പോയിൽ പുതിയ 200 സി സി മോട്ടോർ സൈക്കിൾ പുറത്തിറക്കാനും ഹീറോ തയ്യാറെടുത്തു കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം 66,63,903 യൂണിറ്റോടെ റെക്കോഡ് വിൽപ്പനയാണു ഹീറോ കൈവരിച്ചത്; 2015 16ലെ വിൽപ്പന 66,32,322 യൂണിറ്റായിരുന്നു. ഈ വർഷം വിൽപന ഇനിയും വർധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി.

Topics:
Social Icons Share on Facebook Social Icons Share on Google +