തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച് വിവാദ വ്യവസായി വിജയ് മല്യ

തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച് വിവാദ വ്യവസായി വിജയ് മല്യ. കോടതിയിൽ നിന്നും ഒഴിഞ്ഞു മാറേണ്ട അവസ്ഥ തനിക്കില്ലെന്നും തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും മല്യ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം വായ്പ തട്ടിപ്പുകേസിൽ ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ കോടതി ഡിസംബർ നാല് വരെ മല്യക്ക് ജാമ്യം അനുവദിച്ചു.

വായ്പാതട്ടിപ്പു കേസിൽ ഇന്ത്യ അന്വേഷിക്കുന്ന വിവാദ വ്യവസായി വിജയ് മല്യയെ തിരിച്ചയക്കണമെന്ന ഹർജിയിലാണ് ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ കോടതി വാദം കേട്ടത്.

വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി  മടങ്ങുമ്പോഴായിരുന്നു മല്യയുടെ പ്രതികരണം. കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിയേണ്ട അവസ്ഥ തനിക്കില്ല. തന്റെ ഭാഗം വിശദീകരിക്കുന്നതിനുള്ള തെളിവുകൾ കൈവശമുണ്ടെന്നും മല്യ വ്യക്തമാക്കി. ഇന്ത്യൻ ടീമിനെ പ്രോത്സാഹിപ്പിക്കാനെത്തിയ തനിക്കെതിരെ വാർത്തകൾ പടച്ചു വിട്ട മാധ്യമങ്ങളോട് കൂടുതലൊന്നും വ്യക്തമാക്കാൻ താത്പര്യമില്ലെന്നും മല്യ പറഞ്ഞു. അതേസമയം വായ്പ തട്ടിപ്പു കേസിൽ മല്യക്ക് ലണ്ടനിലെ വെസ്റ്റ് മിന്ഡസ്റ്റർ കോടതി ഡിസംബർ നാല് വരെ ജാമ്യം അനുവദിച്ചു. മല്യയെ ഇന്ത്യക്ക് വിട്ടു നൽകുന്നതിനു മുന്നോടിയായുള്ള ആദ്യ വാദത്തിനിടെ മജിസ്‌ട്രേറ്റ് എമ്മ ലൂയിസ് അർബുത് നോട്ട് ആണ് ജാമ്യം അനുവദിച്ചത്.

ജാമ്യം അനുവദിച്ച കോടതി, അടുത്ത ഹിയറിങ് ജൂലായ് ആറിലേക്കു നിശ്ചയിച്ചു. ലണ്ടനിലുള്ള മല്യയെ ഏപ്രിലിൽ സ്‌കോട്ട്‌ലന്റ് യാർഡ് അറസ്റ്റ് ചെയ്തിരുന്നു.

ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്നായി 9,000 കോടി രൂപ വായ്പയെടുത്താണു മല്യ നാടുവിട്ടത്.

Topics:
Social Icons Share on Facebook Social Icons Share on Google +