ഇംഗ്ലണ്ടിനെ തകർത്ത് പാക്കിസ്ഥാൻ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ

ഇംഗ്ലണ്ടിനെ തകർത്ത് പാക്കിസ്ഥാൻ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പ്രവേശിച്ചു. ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാൻ കലാശപ്പോരിന് അർഹത നേടിയത്. ഇംഗ്ലണ്ട് ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം പാക്കിസ്ഥാൻ 77 പന്തുകൾ ബാക്കിനിൽക്കെ മറികടന്നു.

ഇംഗ്ലീഷുകാർക്കെതിരെ സമഗ്രാധിപത്യം സ്ഥാപിച്ചാണ് പാക്കിസ്ഥാൻ വിജയം സ്വന്തം പേരിൽ കുറിച്ചത്. ഓപ്പണർമാരായ അസ്ഹർ അലിയുടേയും ഫഖാർ സമാന്റേയും അർധസെഞ്ചുറികളാണ് പാക്കിസ്ഥാന്റെ ജയം എളുപ്പമാക്കിയത്. ഇരുവരും ആദ്യ വിക്കറ്റിൽ 118 റൺസാണ് അടിച്ചുകൂട്ടിയത്. അസ്ഹർ അലി 76ഉം ഫഖാർ സമാൻ 57ഉം റൺസെടുത്തു.

ഇരുവരും പുറത്തായ ശേഷമെത്തിയ ബാബർ അസമും മുഹമ്മദ് ഹാഫീസും പാക്കിസ്ഥാനെ പരിക്കില്ലാതെ ഫൈനലിൽ എത്തിച്ചു. 38-ാം ഓവറിലെ ആദ്യപന്തിൽ സ്റ്റോക്‌സിനെ ബൗണ്ടറി പായിച്ചാണ് ഹാഫീസ് പാക് വിജയം ആഘോഷിച്ചത്.

ടോസ് നേടിയ പാക്കിസ്ഥാൻ ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പാക് പേസർമാർക്കുമുന്നിൽ പതറിയ ഇംഗ്ലണ്ട് 49.5 ഓവറിൽ 211 റൺസെടുത്തപ്പോഴേക്കും എല്ലാവരും പുറത്തായി. 46 റൺസ് നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോറർ.

അലക്‌സ് ഹെയിൽസും-ജോണി ബെയിര്‍‌സ്റ്റോയും ഭേദപ്പെട്ട തുടക്കം ഇംഗ്ലണ്ടിന് നൽകിയിരുന്നു. സ്‌കോർ 80-ൽ എത്തിയപ്പോൾ ബെയിര്‍‌സ്റ്റോ വീണു. തുടർന്ന് റൂട്ടിന് കൂട്ടായി ക്യാപ്റ്റൻ മോർഗൻ എത്തിയപ്പോഴും ഇംഗ്ലണ്ട് സ്‌കോർ മുന്നോട്ടുനീങ്ങി. റൂട്ട് പുറത്താകുമ്പോൾ 128/3 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ട് വാലറ്റം പിന്നീട് തകർന്നടിയുകയായിരുന്നു. വിക്കറ്റുകൾ കൊഴിഞ്ഞപ്പോഴും സ്റ്റോക്‌സ് ഒരുവശം കാത്തു. 64 പന്തിൽ 34 റൺസ് നേടിയ സ്റ്റോക്‌സ് എട്ടാമതാണ് പുറത്തായത്. പാക്കിസ്ഥാന് വേണ്ടി ഹസൻ അലി മൂന്ന് വിക്കറ്റ് വീഴ്ത്തി. ജുനൈദ് ഖാൻ, റുമാൻ റായീസ് എന്നിവർക്ക് രണ്ടു വിക്കറ്റ് വീതം ലഭിച്ചു.

Social Icons Share on Facebook Social Icons Share on Google +