ഇന്ത്യാ-പാക് പോരാട്ടത്തിന്‍റെ ചരിത്രത്തിലൂടെ

ക്രിക്കറ്റിലെ ചിരവൈരികളുടെ ഏറ്റുമുട്ടലിന്റെ ചരിത്രം ഒരിക്കൽ കൂടി ആവർത്തിക്കുന്നു. ഇന്ത്യ പാകിസ്ഥാൻ സ്വപ്ന ഫൈനലിന് ഞായറാഴ്ച ഓവലിൽ കളമൊരുങ്ങുമ്പോൾ അത് ആരാധകരുടെ കാത്തിരിപ്പിന്റെ കൂടി സാക്ഷാത്കാരമാണ്. മികച്ച ഫോമിൽ മുന്നേറുന്ന കോഹ്ലിക്കും സംഘത്തിനുമൊപ്പമാണ് ഐസിസി ടൂർണമെന്റുകളിലെ വിജയ ചരിത്രം.

ക്രിക്കറ്റ് പ്രേമികൾക്ക് കണ്ണിമ ചിമ്മാതെ കണ്ടിരിക്കാൻ വീണ്ടുമൊരു ആവേശപ്പോരാട്ടം കൂടി. ഇന്ത്യയും പാകിസ്ഥാനും ഓവലിൽ ഞായറാഴ്ച ഐസിസി ചാമ്പ്യൻസ് ട്രോഫി കലാശപ്പോരിൽ കൊമ്പു കോർക്കുമ്പോൾ അത് ആരാധക പ്രതീക്ഷകളുടെ കൂടി പൂർണതയാണ്. ആമിർ സൊഹൈൽ-വെങ്കടേഷ് പ്രസാദ്, ഇജാസ് അഹമ്മദ്-അനിൽ കുംബ്ലൈ, സച്ചിൻ-ഷോയബ് അക്തർ, കമ്രാൻ അക്മൽ-ഗൗതം ഗംഭീർ വീറിന്റെയും വാശിയുടെയും പോർവിളികളുടെയും ചരിത്രം ഏറെയുണ്ട് ഈ അയൽക്കാർ തമ്മിലുള്ള പോരാട്ടത്തിൽ.

നയതന്ത്രത്തിനും പരസ്പര സൗഹൃദത്തിനും ക്രിക്കറ്റിലൂടെ പുതുവഴികൾ തേടിയപ്പോഴും ഇന്ത്യ പാക് ആവേശപ്പോരിന് വീറും വാശിയും തെല്ലും ചോർന്നിരുന്നില്ല. ആ ആവേശം ഒരിക്കൽ കൂടി ജനിക്കുന്നു ഐസിസി ചാമ്പ്യൻസ് ട്രോഫിയുടെ കലാശപ്പോരിന്റെ രൂപത്തിൽ. ഐസിസി ടൂർണമെന്റുകളിൽ പാകിസ്ഥാൻ ഒരിക്കലും ഇന്ത്യയെ പരാജയപ്പെടുത്തിയിട്ടില്ല എന്ന നല്ല ഓർമ്മകളെ കോഹ്ലിക്കും സംഘത്തിനും കൂടെക്കൂട്ടാം.

ഏറ്റവും ഒടുവിൽ 2007ൽ ടി ട്വന്റിയുടെ സ്വപ്ന ഫൈനലിലും ഇന്ത്യയുടെ വിജയ പതാക പാറിയിട്ടുണ്ട്. ഏകദിന ലോകകപ്പിലും ട്വന്റി ട്വന്റി ലോകകപ്പിലും എല്ലാം കണ്ടത് ഇന്ത്യയുടെ മാത്രം വിജയം എന്നാൽ പരസ്പരം ഉള്ള ഏറ്റുമുട്ടലിന്റെ ചരിത്രം പാകിസ്ഥാന് അനുകൂലമാണ്. 128 ഏകദിനങ്ങൾ പരസ്പരം കളിച്ചപ്പോൾ 72 വിജയങ്ങൾ പാകിസ്ഥാനൊപ്പവും 52 എണ്ണം ഇന്ത്യക്കൊപ്പവും നിന്നു. 59 ടെസ്റ്റുകളിൽ 12 എണ്ണത്തിൽ പാകിസ്ഥാനും 9 എണ്ണത്തിൽ ഇന്ത്യയും വിജയം കണ്ടു. എന്നാൽ ഏറ്റുമുട്ടിയ 7 ട്വന്റി 20കളിൽ 6ലും വിജയിച്ച് ഇന്ത്യ മുൻ പന്തിയിൽ നിൽക്കുന്നു.

കൂൽഭൂഷൺ ജാദവ് വിഷയവും അതിർത്തിയിൽ തോരാതെ നിൽക്കുന്ന സംഘർഷവും നയതന്ത്ര സ്വരച്ചേർകളും ഇപ്പോഴത്തെ മത്സരാവേശത്തിന് ചൂടുപകരും. എന്തായാലും കളിക്കളത്തിലെ ഇന്ത്യാ പാക് ആവേശപ്പോരിന് ഇംഗ്ലണ്ടിന്റെ മണ്ണിൽ കളമൊരുങ്ങുമ്പോൾ ആ നിമിഷത്തിനായി മണിക്കൂറുകളെണ്ണി കാത്തിരിക്കുകയാണ് ഇന്ത്യ പാക് ആരാധകർ.

Social Icons Share on Facebook Social Icons Share on Google +