രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആരാണെന്ന കാര്യത്തില്‍ സസ്‌പെന്‍സ് തുടരുന്നു

രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആരാണെന്ന കാര്യത്തില്‍ സസ്‌പെന്‍സ് തുടരുന്നു. പേരുകള്‍ വ്യക്തമാക്കാതെ ബിജെപി സമിതി നടത്തിയ സമവായ ചര്‍ച്ച പ്രഹസനമായിരുന്നുവെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു. അതേസമയം ശിവസേന ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ ഒപ്പം നിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് ബിജെപി.

രാഷ്ട്രപതി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ നിയോഗിച്ച ബിജപി സമിതിക്ക് നേതൃത്വം നല്‍കുന്ന കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗും വെങ്കയ്യ നായിഡുവും ഇന്നലെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുമായും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെ നടന്ന സമവായ ചര്‍ച്ചയില്‍ തീരുമാനമായില്ല. ബിജെപി സമിതി നടത്തിയ ചര്‍ച്ച അനാവശ്യവും പ്രഹസനവുമായിരുന്നുവെന്ന് കോണ്‍ഗ്രസും സിപിഎമ്മും ആരോപിച്ചു. അഭിപ്രായ ഐക്യത്തിന് സര്‍ക്കാര്‍ ശ്രമിച്ചുവെന്ന പ്രതീതി സൃഷ്ടടിക്കാന്‍ മാത്രമാണ് മന്ത്രിമാര്‍ നടത്തുന്ന കൂടിക്കാഴ്ചകളെന്നാണ് പ്രതിപക്ഷ വിലയിരുത്തല്‍. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ശേഷം സമവായ നീക്കങ്ങളില്‍ നിലപാട് വ്യക്തമാക്കിയാല്‍ മതിയെന്നാണ് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്കായി ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായും മുന്‍കൈയെടുക്കുകയാണ്. രാഷ്ട്രപതി സ്ഥാനത്തേക്ക് എം.എസ് സ്വാമിനാഥനെ കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ച ശിവസേനയെ ഒപ്പം നിര്‍ത്താന്‍ തീവ്രശ്രമത്തിലാണ് ബിജെപി. എന്‍സിപിയുമായും ടിഡിപിയുമായും സമിതി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. അതേസമയം പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍നിരയിലുള്ള ഗോപാല്‍ കൃഷ്ണ ഗാന്ധി പ്രതിപക്ഷത്തെ വിവിധ നേതാക്കളുടെ പിന്തുണ തേടി. ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ ഈ മാസം 23നകം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകുമെന്നാണ് വിലയിരുത്തല്‍.

Social Icons Share on Facebook Social Icons Share on Google +