ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ തകര്‍ത്ത് പാകിസ്ഥാന് കിരീടം

ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ 180 റണ്‍സിന് തകര്‍ത്ത് പാകിസ്ഥാന്‍ ജേതാക്കളായി. പാകിസ്ഥാന്‍റെ ആദ്യ ചാമ്പ്യന്‍സ് ട്രോഫി കിരീടമാണിത്.

ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചില്‍ പാക് ഓപ്പണര്‍മാര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യന്‍ ബൌളിംഗിനെ പിച്ചിച്ചീന്തിയ അസ്ഹര്‍ അലിയും  ഫാഖറും പാക് സ്കോറിംഗ് മിന്നല്‍ വേഗത്തിലാക്കി. തന്‍റെ കന്നി സെഞ്ച്വറി നേടിയ ഫാഖര്‍ സമാന്‍റെ പ്രകടനമാണ് പാകിസ്ഥാനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. അസ്ഹര്‍ അലിയും മുഹമ്മദ് ഹഫീസും അര്‍ധസെഞ്ച്വറികള്‍ നേടി.  59 റണ്‍സെടുത്ത അസ്ഹര്‍ അലിയെ ബുംറ റണ്ണൌട്ടാക്കുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ പ്രശസ്തമായ ബാറ്റിംഗ് നിര പാക് ബൌളിംഗിന് മുന്നില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. 76 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യെ മാത്രമാണ് പാക് ബൌളിംഗ് നിരയെ വെല്ലുവിളിച്ച ഏക ഇന്ത്യന്‍ ബാറ്റ്സ്മാന്‍. 43 പന്തില്‍ നിന്ന് 6 സിക്സിന്‍റെയും 4 ഫോറുകളുടെയും അകമ്പടിയോടെയാണ് ഹര്‍ദിക് 76 റണ്‍സ് നേടിയത്. പാക് നിരയെ അല്‍പമെങ്കിലും സമ്മര്‍ദത്തിലാക്കിയ പാണ്ഡ്യെയുടെ ചെറുത്തുനില്‍പ് അവസാനിച്ചത് ദൌര്‍ഭാഗ്യകരമായ റണ്ണൌട്ടിലൂടെയാണ്.

ഹര്‍ദിക് പാണ്ഡ്യയുടെ ബാറ്റിംഗ്

3 വീതം വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് ആമിറും, ഹസന്‍ അലിയുമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.

കന്നി സെഞ്ച്വറി നേടി പാകിസ്ഥാന് മികച്ച സ്കോര്‍ സമ്മാനിച്ച ഫാഖര്‍ സമാനാണ് മാന്‍ ഓഫ് ദ മാച്ച്. ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയ ഹസന്‍ അലി ഗോള്‍ഡന്‍ ബോള്‍, പ്ലേയര്‍ ഓഫ് ദ സീരീസ് പുരസ്കാരങ്ങള്‍ സ്വന്തമാക്കി.

സ്കോര്‍: പാകിസ്ഥാന്‍ – 339/4, ഇന്ത്യ: 158/1o (30.3)

Social Icons Share on Facebook Social Icons Share on Google +