പെരുന്നാളിന് രണ്ടു ചിത്രങ്ങളുമായി ഫഹദ് ഫാസിൽ

കഥാപാത്രങ്ങളിലത്രയും എന്തെങ്കിലും വ്യത്യസ്തത സൂക്ഷിക്കാറുള്ള നടനാണ് ഫഹദ് ഫാസില്‍. ആഘോഷ സീസണുകളിലൊക്കെ ആരാധകര്‍ ഫഹദിന്റെ സിനിമകള്‍ പ്രതീക്ഷിക്കാറണ്ട്. ഇത്തവണ പെരുന്നാളിന് ആരാധകര്‍ക്കായി രണ്ടു സിനിമകളുമായാണ് ഫഹദ് തീയറ്ററുകളിലെത്തുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, റോള്‍മോഡല്‍സും പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

മഹേഷിന്റെ പ്രതികാരം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഉള്ളില്‍ ഇടംപിടിച്ച കൂട്ടുകെട്ടാണ് ദിലീഷ് പോത്തന്‍- ഫഹദ് ഫാസിലിന്റേത്.
മഹേഷിന്റെ പ്രതികാരത്തിനു ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ പുതു ചിത്രമൊരുക്കുന്നുവെന്ന വാര്‍ത്ത വന്നത് മുതല്‍ അത്യാകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. സൗബിന്‍ സാഹിര്‍,സുരാജ്, നിമിഷ എന്നിവരാണു മറ്റു പ്രധാനതാരങ്ങള്‍. സംവിധായകകുപ്പായം അഴിച്ച് വച്ച് രാജീവ് രവി ഈ ചിത്രത്തിന് കാമറ ചലിപ്പിക്കാനെത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. നി കൊ ഞാ ചാ എന്ന ചിത്രത്തിന് ശേഷം ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ദിലീഷ് പോത്തന്റെ അദ്ഭുത മികവ് ഈ ചിത്രത്തിനും മാറ്റു കൂട്ടുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

റാഫി സംവിധാനം ചെയ്യുന്ന റോള്‍ മോഡല്‍സാണ് ഫഹദ് ഫാസിലിന്റേതായി തീയറ്ററുകളിലെത്തുന്ന മറ്റൊരു പെരുന്നാള്‍ ചിത്രം. നര്‍മത്തിന്റെ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രത്തില്‍ നമിതാ പ്രമോദാണ് നായികയായി എത്തുന്നത്. ഒരു അഡ്വഞ്ചര്‍ സ്പോര്‍ട്സ് ട്രെയിനറുടെ വേഷമാണ് നമിതയ്ക്ക് ചിത്രത്തില്‍. വിനായകന്‍, വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്. ഒരു ഗാനം ഇതിനോടകം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു കഴിഞ്ഞു.

എന്തായാലും പ്രിയനായകന്‍ പെരുന്നാള്‍ ആഘോഷമാക്കാന്‍ സമ്മാനിക്കുന്ന ചിത്രങ്ങള്‍ ആവേശത്തടെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് പ്രേക്ഷകര്‍. രണ്ടു സിനിമകളും വാനോളം പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്.

Social Icons Share on Facebook Social Icons Share on Google +