മൊസൂൾ നഗരം ഇറാഖി സൈന്യം പൂർണമായും തിരിച്ചുപിടിച്ചു

ഐ.എസ് ഭീകരരുടെ കീഴിലായിരുന്ന മൊസൂൾ നഗരം ഇറാഖി സൈന്യം പൂർണമായും തിരിച്ചുപിടിച്ചെന്ന് റിപ്പോർട്ട്. ഔദ്യോഗിക സ്ഥിരീകരണമായില്ലെങ്കിലും സൈന്യം ആഹ്ലാദപ്രകടനം നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ഒൻപതുമാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂൾ ഐ.എസിൽനിന്ന് സൈന്യം തിരിച്ചുപിടിച്ചത്.

സൈനികരുടെ പോരാട്ടം അന്തിമ വിജയത്തിലേക്കാണെന്ന സൂചനകളാണ് ലഭിക്കുന്നത്. മൊസൂളിന്റെ ഭൂരിഭാഗവും പിടിച്ചെടുത്ത് ഇറാഖ് സേന വിജയം ഉറപ്പിച്ചു. ഐ.എസ് തീവ്രവാദികളെ പൂർണമായും തുരത്താനുളള പോരാട്ടം ഇനി എതാനും മീറ്ററുകൾ കൂടി പിടിച്ചെടുക്കുന്നതോടെ പൂർത്തിയാകുമെന്നാണ് സൂചന.

ശക്തമായ ചെറുത്തുനിൽപ്പുകളെ വിഫലമാക്കികൊണ്ടാണ് സേനയുടെ മുന്നേറ്റം. ഒരുലക്ഷത്തിലധികം പേരെ മനുഷ്യകവചമാക്കിയായിരുന്നു മൊസൂളിൽ ഐ.എസ് ഭീകരർ പിടിമുറുക്കിയിരുന്നത്. മൊസൂൾ കീഴടക്കിയാൽ സമീപത്തെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ഐഎസ് ആക്രമണം തുടരുമെന്നാണ് സൂചന.

മൂന്നുവർഷം മുൻപാണ് ആയിരക്കണക്കിന് ഐഎസ് ഭീകരർ മൊസൂൾ പിടിച്ചടക്കിയത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ടൈഗ്രിസ് നദീതീരത്തെ ഒരു ചതുരശ്ര കിലോമീറ്റർ താഴെ മാത്രമാണു ഭീകരരുടെ നിയന്ത്രണത്തിൽ ഉണ്ടായിരുന്നത്. രാജ്യത്തെ ഐഎസിന്റെ അവസാനതാവളമാണ് ഇറാഖ് സൈന്യം കീഴടക്കിയത്.

Topics: ,
Social Icons Share on Facebook Social Icons Share on Google +