മലയാള സാഹിത്യലോകത്തിലെന്നപോലെ വെള്ളിത്തിരയ്ക്കും പ്രിയപ്പെട്ടതാണ് എംടി

മലയാളസിനിമയെ വിശ്വത്തോളം ഉയർത്തുന്നതിൽ എംടി എന്ന എഴുത്തുകരാന്റെ തൂലിക നൽകിയ സംഭാവന വളരെ വലുതാണ്. ജീവിത ഗന്ധിയായ കഥാപാത്രങ്ങളിലൂടെ തിരക്കഥാകൃത്തായും സംവിധായകനായും എം ടി നൽകിയ സംഭാവന അതുല്യമാണ്.

എംടി എന്ന രണ്ടക്ഷരം മലയാള സാഹിത്യലോകത്തിലെന്നപോലെ വെള്ളിത്തിരയ്ക്കും പ്രിയപ്പെട്ടതാണ്. നഗരമേ നന്ദിയിൽ തുടങ്ങി രണ്ടാമൂഴത്തിലെത്തി നിൽക്കുന്ന കെട്ടുകാഴാച്ചകളും പടുകൂറ്റൻ സെറ്റുകളും നിറഞ്ഞുനിന്ന മലയാള സിനിമയെ സ്റ്റുഡിയോയ്ക്ക് പുറത്തേക്ക് കൊണ്ടുവന്ന ചിത്രമായ ഓളവും തീരവും മലയാള സിനിമാ റിയലിസത്തിലെ വിപ്ലവമായിരുന്നു. നഗരമേ നന്ദിയിലൂടെയും മുറപ്പെണ്ണിലൂടെയും എം ടിയുടെ തൂലിക മലയാളി പ്രേക്ഷകനെ പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളുടെ ഭൂമികയിൽ കൊണ്ടെത്തിച്ചു. എ വിൻസെന്റിനെയും പി എൻ മോനോനെയും പോലെയുള്ളപ്രഗൽഭരായ സംവിധായകർ എം ടിയുടെ തിരക്കഥകളിലൂടെ കേരളീയ ജീവിതത്തിന്റെ മറ്റൊരുമുഖം കാട്ടിത്തന്നു. നാട്ടിൻപുറത്തിന്റെ വിശുദ്ധിയെയും നഗരത്തിന്റെ പൊള്ളയായ ജീവിതത്തേയും തുറന്ന് കാട്ടിയ എം ടി ഒരു വടക്കൻ വീരഗാഥയിലേക്കെത്തിയപ്പോൾ പഴകിപ്പതിഞ്ഞ വടക്കൻപാട്ട് മിത്തുകളെ നവനിർമ്മിതി നടത്തുകയായിരുന്നു.വാക്കുകളുടെ അർത്ഥതലങ്ങളെ വാളുകളായി വീശുകയായിരുന്നു എം ടി അക്ഷരങ്ങളിലൂടെ.

വടക്കൻ പാട്ടുകളിൽ കേട്ട് പതിഞ്ഞ ചതിയൻ ചന്തുവിന്റെ യഥാർത്ഥ മുഖം മമ്മൂട്ടിയിലൂടെ മനുഷ്യത്വത്തിന്റേതായിരുന്നുവെന്ന് എംടി പറഞ്ഞപ്പോൾ പ്രേക്ഷകരും അത് ഹൃദയത്തിലേറ്റ് വാങ്ങി. മോഹൻലാലിന്റെ ഉയരങ്ങളിലൂടെയും സദയത്തിലൂടെയും നായക സങ്കൽപ്പങ്ങലെ പൊളിച്ചെഴുതി എം ടി. കേട്ടറിവുകളിൽ നിന്ന് മാറി പെരുന്തച്ചനിൽ തിലകൻ ആടിത്തകർത്ത വേഷത്തിന് എം ടിയുടെ കയ്യൊപ്പ് മാത്രമായിരുന്നു പിൻബലം. എംടിയും ഭരതനുമൊന്നിച്ച വൈശാലി മലയാള സിനിമയിലെ കാവ്യബിംബമായി നിലനിർത്തിയതും എംടിയുടെ അക്ഷരമാന്ത്രികതയുടെ നിറസാന്നിധ്യമാണ്.

തന്റേടത്തിന്റെ തീക്ഷണതയായിരുന്നു എം ടിയുടെ ആദ്യ സംവിധാന സംരംഭമായിരുന്ന നിർമ്മാല്യം. സമൂഹം അനുഭവിക്കുന്ന വ്യഥയുടെ ഉറഞ്ഞു തുള്ളലും മറ്റുള്ളവർക്ക് അനുഗ്രഹം ചൊരിയുന്ന വെളിച്ചപ്പാടിന്റെ ഉള്ളിലെ തീയുടെ തീവ്രതയും അന്നത്തെ വ്യവസ്ഥിതികളോടുള്ള ആട്ടിത്തുപ്പലുമായിരുന്നു നിർമ്മാല്യം. മഞ്ഞും വാരിക്കുഴിയും ഒരു ചെറുപുഞ്ചിരിയും സംവിധാന കലയ്ക്ക് പുതിയ മാനം നൽകി. ഹരിഹരൻ സംവിധാനം ചെയ്ത വളർത്തുമൃഗങ്ങൾ എന്ന ചിത്രത്തിലൂടെ എംടിയിലെ ഗാനരചയിതാവിനെയും മലയാള സിനിമ കണ്ടു. എന്നും എപ്പോഴും എംടിയുടെ കഥയിൽ സിനിമ ചെയ്യാനായി കൊതിക്കാത്ത സംവിധായകരില്ല.

ഏറ്റവും ഒടുവിലായി എംടിയുടെ രണ്ടാമൂഴം മഹാഭാരതമായി മാറുമ്പോൾ മഹാഭാരതത്തിന്റെ നിർമ്മാണ ചിലവ് ഇന്ത്യൻ സിനിമാ ചരിത്രത്തിൽ റെക്കോർഡിടുന്നത് എംടി എന്ന കഥാകാരൻ ഹൃദയത്തിൽ ചേർത്തെഴുതിയ അക്ഷരങ്ങളുടെ മൂല്യം തന്നെയാണ്.

Social Icons Share on Facebook Social Icons Share on Google +