ശതാഭിഷേക നിറവിൽ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എംടി

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായർ ശതാഭിഷേക നിറവിൽ. എൺപത്തിനാലാം വയസിന്റെ നിറവിൽ ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരമായി എം.ടിയുടെ സർഗജീവിതം അനുസ്യൂതം ഒഴുകുകയാണ്.

ആയിരം പൂർണചന്ദ്രൻമാരെ കണ്ട ധന്യജീവിതം മലയാളത്തിന്റെ സുകൃതമാണ്. മാധവിക്കുട്ടി വിശേഷിപ്പിച്ചതനുസരിച്ച് തോർത്തുമുണ്ട് വെള്ളത്തിൽ മുക്കി പിഴിയുന്ന പോലെ വായനക്കാരെ കരയിപ്പിച്ച അക്ഷരമാന്ത്രികൻ ശതാഭിഷേക നിറവിൽ നിൽക്കുന്നു. നിളാ നദിക്കരയിലുടെ മുണ്ടും മടക്കി കുത്തി മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ നടന്നു നീങ്ങിയപ്പോൾ ഒരു കാലഘട്ടം പിന്നാലെ കൂടി. നിള പിന്നെയും ഒഴുകി-ആർത്തലച്ചും കണ്ണുനീർ ചാലായും. എം.ടി സൃഷ്ടിച്ച കഥാപാത്രങ്ങളാകട്ടെ കാലത്തെ നോക്കി മന്ദഹസിച്ച് അനുവാചകഹൃദയങ്ങളിൽ തുളുമ്പാതെ നിറഞ്ഞു നിൽക്കുന്നു.

1933 ജൂലൈ 15 ന് കർക്കിടകത്തിലെ ഉതൃട്ടാതി നാളിൽ പാലക്കാട് ജില്ലയിലെ കൂടല്ലൂർ ഗ്രാമത്തിലാണ് എം.ടി ജനിച്ചത്. അച്ഛൻ നാരായണൻ നായർ സിലോണിലായിരുന്നു. അമ്മ അമ്മാളു അമ്മയുടെ തണലിൽ ദാരിദ്ര്യത്തിന്റെ കയ്പ്പ് നീർ ശരിക്കും അറിഞ്ഞ ബാല്യം. ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്തു തന്നെ എഴുതി തുടങ്ങി. ലോകചെറുകഥാ മൽസരത്തിൽ വളർത്തുമൃഗങ്ങൾ എന്ന ചെറുകഥ ഒന്നാം സ്ഥാനം നേടുന്നതോടെയാണ് എം.ടി.വാസുദേവൻ നായർ മലയാള സാഹിത്യലോകത്ത് ശ്രദ്ധേയനാകുന്നത്. പുസ്തകരൂപത്തിൽ പുറത്തു വന്ന ആദ്യ നോവൽ നാലുകെട്ട് വയനക്കാരുടെയും നിരൂപകരുടെയും സജീവശ്രദ്ധ നേടി. തുടർന്ന് പുറത്തിറങ്ങിയ നിന്റെ ഓർമക്ക്, ഓളവും തീരവും, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, ബന്ധനം തുടങ്ങിയ കഥാസമാഹാരങ്ങളും അസുരവിത്ത്, മഞ്ഞ്, കാലം തുടങ്ങിയ നോവലുകളും മലയാള കഥയിൽ പുതിയ ഉണർവിനും വഴിതിരിച്ചിലുകൾക്കും കാരണമായി. ഇന്ന്, മുപ്പത്തിയെട്ടിൽപ്പരം പുസ്തകങ്ങളിലായി പരന്നുകിടക്കുകയാണ് സാർത്ഥകമായ ആ സർഗസപര്യ. അൻപതിൽപ്പരം സിനിമകൾക്ക് തിരക്കഥയെഴുതി ചലച്ചിത്രരംഗത്തും പ്രതിഭയുടെ കയ്യൊപ്പ് ചാർത്തി. രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിയ നിർമാല്യം എന്ന ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ് എം.ടി

കോഴിക്കോട് കൊട്ടാരം റോഡിലെ സിതാര എന്ന വീട്ടിൽ എൺപത്തിനാലാം വയസിലും എം.ടി കർമനിരതനാണ്. ആ തൂലികക്ക് ഇനിയും ഏറെ സർഗ തീരങ്ങളിലൂടെ യാത്ര പോകാനുണ്ട്. ആ ജീവിതകടലാഴങ്ങളിൽ നിന്ന് അദ്ദേഹം കണ്ടെടുക്കുന്ന മുത്തും പവിഴവും കാത്തിരിക്കുകയാണ് അമ്മ മലയാളം.

Social Icons Share on Facebook Social Icons Share on Google +