വിമ്പിള്‍ഡണ്‍ കിരീടം ഗാർബിൻ മുഗുരുസയ്ക്ക്

വിമ്പിൾഡണിൽ വീനസ് വില്യംസിനെ മുട്ടുകുത്തിച്ച് ഗാർബിൻ മുഗുരുസ കീരീടം ചൂടി. നേരിട്ടുള്ള സെറ്റുകൾക്ക് മുട്ടുകുത്തിച്ചായിരുന്നു വെനസ്വേലൻ താരത്തിന്റെ വിജയം.

സ്‌കോർ 7-5, 6-0.

അട്ടിമറികളുടെ ആവർത്തനമായിരുന്നു പുൽകോർട്ടിൽ കണ്ടത്. താരതമ്യേന കരുത്തയായ വീനസ് വില്യംസിന്റെ വിമ്പൾഡൺ കിരീട മോഹങ്ങളെ നിഷ്പ്രഭമാക്കി വിമ്പിൾഡൺ കീരീടത്തിൽ ഗാർബിൻ മുഗുരുസയുടെ മുത്തം. അതും കലാശപ്പോരാട്ടത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക്.

ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് ആദ്യ സെറ്റിൽ കണ്ടത്. കരുത്തുറ്റ സെർവുകളും മികച്ച മുന്നേറ്റങ്ങളും നിറഞ്ഞു നിന്ന ആദ്യ സെറ്റ് മുഗുരുസയ്‌ക്കൊപ്പം നിന്നു. രണ്ടാം സെറ്റിൽ വീനസിന്റെ തിരിച്ചു വരവ് പ്രതീക്ഷിച്ച ആരാധകർക്ക് തെറ്റി. രണ്ടാം സെറ്റിൽ വെനസ്വേലൻ താരത്തിന്റെ സർവ്വാധിപത്യം. ഒടുവിൽ വിജയം മുഗുരുസയ്ക്ക്. സ്‌കോർ 7-5, 6-0.

മുഗുരുസയുടെ രണ്ടാം ഗ്രാൻസ്ലാം കിരീടമാണിത്. 2016ൽ ഫ്രഞ്ച് ഓപ്പണിലും 23കാരിയായ മുഗുരുസ കിരീടം നേടിയിരുന്നു.

2015ലെ വിംബിൾഡൺ ഫൈനലിൽ വീനസിന്റെ സഹോദരി സെറിനയുടെ മികവിന് മുന്നിൽ തലകുനിക്കേണ്ടിവന്ന മുഗുരുസയ്ക്ക് ഈ വിജയം മധുരപ്രതികാരം കൂടിയായി.

വിംബിൾഡണിലെ പ്രായം കൂടിയ കിരീട ജേതാവെന്ന വീനസിന്റെ സ്വപ്നമാണ് മുഗുരുസ തകർത്തത്.ഓപ്പൺ യുഗത്തിൽ ഏറ്റവും പ്രായം കൂടിയ വിംബിൾഡൺ ജേതാവെന്ന നേട്ടമാണ് 37കാരിയായ വീനസിന് കൈയകലത്തിൽ നഷ്ടമായത്.

അതേസമയം തോറ്റെങ്കിലും ഏറ്റവും പ്രായം കൂടി വിംബിൾഡൺ ഫൈനലിസ്റ്റ് എന്ന നേട്ടം വീനസിന് സ്വന്തമായി.

Social Icons Share on Facebook Social Icons Share on Google +