തുർക്കിയുടെ ചരിത്രം മാറ്റിയെഴുതിയ പട്ടാള അട്ടിമറി ശ്രമം നടന്നിട്ട് ഒരാണ്ട്

തുർക്കിയിൽ പട്ടാള അട്ടിമറി ശ്രമം നടന്നിട്ട് ഒരാണ്ട്. രാജ്യം മുഴുവൻ അനുസ്മരണങ്ങൾ സംഘടിപ്പിച്ചു. 2016 ജൂലെ 15ന് മുമ്പുള്ളത് പോലെയാവില്ല ഇനി കാര്യങ്ങളെന്ന് തുർക്കി പ്രസിഡന്റ് റബ് ത്വയിബ് ഉർദുഗാൻ പ്രഖ്യാപിച്ചു. രാജ്യം മുഴുവൻ നടന്ന അനുസ്മരണ പരിപാടിയിൽ ആയിരങ്ങളാണ് അണിനിരന്നത്.

തുർക്കിയുടെ ചരിത്രം മാറ്റിയെഴുതിയ പട്ടാള അട്ടിമറിയും അതിനെ അടിച്ചമർത്തിയതിന്റെയും വാർഷികം രാജ്യം ഒന്നടങ്കം കൊണ്ടാടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന അനുസ്മരണ പരിപാടികളിൽ ആയിരങ്ങൾ അണിനിരന്നു. ഒന്നാം ലോക മഹായുദ്ധത്തിൽ സഖ്യ സേനയെ ചെറുത്തു തോൽപ്പിച്ച തുർക്കിയുടെ ഗലി പോയ് പോരാട്ടത്തോടാണ് അട്ടിമറി ശ്രമത്തെ തുർക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉർദുഗാൻ വിശേഷിപ്പിച്ചത്. ദുർഘടം പിടിച്ച നിർണായക നിമിഷങ്ങൾ പിന്നിട്ടാണ് രാഷ്ട്രവും ഭാവി രൂപപ്പെടുത്തിയെടുത്തെന്ന് അദ്ദേഹം പറഞ്ഞു.തുർക്കിയുടെ റിപ്പബ്ലിക് ദിനമാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ചരിത്ര സംഭവത്തിന്റെ സ്മരണ പുതുക്കി പാർലമന്റിൽ പ്രത്യേക സെഷനും സംഘടിപ്പിച്ചിരുന്നു.

2016 ജൂലൈ 15 തുടർച്ചയായിരുന്നു ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കാൻ ഒരു വിഭാഗം സൈന്യം രംഗത്തിറങ്ങിയത്. തുടർന്ന് റജബ് ത്വയിബ് ഉർദുഗാന്റെ ആഹ്വാന പ്രകാരം തെരുവിലിറങ്ങിയ ജനങ്ങളും സൈന്യവും നടത്തിയ നീക്കത്തിലാണ് അട്ടിമറി ശ്രമം പാളിയത്. ഏറ്റുമുട്ടലിൽ 104 വിമത സൈനികരും 47 സിവിലിയൻമാരും അടക്കം 265 പേരാണ് കൊല്ലപ്പെട്ടത്. അട്ടിമറി ശ്രമത്തിനു ശേഷം രാജ്യ വ്യാപകമായി അരലക്ഷത്തോളം ആളുകളെ അറസ്റ്റ് ചെയ്തു. ഒന്നര ലക്ഷത്തോളം പേരെ ജോലിയിൽ നിന്നും പുറത്താക്കി. യുഎസിൽ ഒളിവിൽ കഴിയുന്ന ഫത്ഹുല്ല ഗുലാൻ ആണ് അട്ടിമറിക്കു പിന്നിൽ എന്നാണ് തുർക്കി ആരോപിക്കുന്നത്. ഗുലനെ വിട്ടു കിട്ടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. എന്നാൽ ആരോപണങ്ങൾ ഗുലൻ നിഷേധിച്ചു.

Social Icons Share on Facebook Social Icons Share on Google +