പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് ആരംഭിക്കും

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് ആരംഭിക്കും. കശ്മീര്‍-ചൈന സംഘര്‍ഷവും ഗോരക്ഷകരുടെ ആക്രമണങ്ങളും കര്‍ഷക ആത്മഹത്യകളും ആയുധമാക്കി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സമ്മേളനം സമാധാനപരമായിരിക്കുമെന്ന് എല്ലാ പാര്‍ട്ടികളും ഉറപ്പ് നല്‍കിയെന്ന് സര്‍വകക്ഷി യോഗത്തിന് ശേഷം സ്പീക്കര്‍ സുമിത്രാ മഹാജന്‍ പറഞ്ഞു.

കശ്മീരിലെ സംഘര്‍ഷവും ഭീകരാക്രമണങ്ങളുമടക്കം ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തെ പ്രക്ഷുബ്ധമാക്കുമെന്ന സൂചനയാണ് പ്രതിപക്ഷ കക്ഷി നേതാക്കള്‍ നല്‍കിയിരിക്കുന്നത്. സര്‍ക്കാരും ലോക്‌സഭാ സ്പീക്കറും പ്രത്യേകം സര്‍വകക്ഷി യോഗങ്ങള്‍ വിളിച്ച് പ്രതിപക്ഷത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിട്ടുവീഴ്ചയുണ്ടാവാന്‍ സാധ്യത കുറവാണ്. കര്‍ഷക ആത്മഹത്യകളടക്കം നീറുന്ന വിഷയങ്ങള്‍ ചര്‍ച്ചക്കെടുക്കാനും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കും.

രാഷ്ട്രപതി-ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പോടെ കൂടുതല്‍ കരുത്തും ഒത്തൊരുമയുമാര്‍ജിച്ച പ്രതിപക്ഷത്തെയാവും ഇത്തവണ സര്‍ക്കാരിന് നേരിടേണ്ടി വരിക. ഗോരക്ഷകരുടെ അഴിഞ്ഞാട്ടമടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം സജ്ജമായിരിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി അക്രമങ്ങളെ തള്ളിപ്പറയുന്ന നിലപാട് ഇന്നലെ സ്വീകരിച്ചിരുന്നു. എന്നാല്‍ അക്രമങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചെന്ന ചോദ്യം പ്രതിപക്ഷം സഭയിലുന്നയിക്കും.

സിക്കിം അതിര്‍ത്തിയിലെ ചൈനയുടെ കടന്നുകയറ്റമാണ് മറ്റൊരു വിഷയം. സ്ത്രീകള്‍ക്കെതിരായി വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ തിരക്കിട്ട് ജി.എസ്.ടി നടപ്പാക്കിയതിലെ പാളിച്ചകള്‍, അസമിലെ പ്രളയം എന്നിവയും പ്രതിപക്ഷത്തിന് സര്‍ക്കാരിനെതിരെ ആയുധമാകും. അതേസമയം 19 ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ 18 ബില്ലുകള്‍ പാസാക്കാനാവും കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. അഴിമതി വെളിപ്പെടുത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്ന ‘വിസില്‍ ബ്‌ളോവേഴ്‌സ് പ്രൊട്ടക്ഷന്‍ ഭേദഗതി ബില്‍’ , പിന്നാക്ക വിഭാഗ ദേശീയ കമ്മീഷന്‍ ബില്‍, പൗരത്വ ഭേദഗതി ബില്‍, അഴിമതി തടയല്‍ ഭേദഗതി ബില്‍, ഐ.ഐ.എം ബില്‍ എന്നിവയും പാസാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും.

Social Icons Share on Facebook Social Icons Share on Google +