ഖത്തറുമായി മികച്ച ബന്ധം തുടരാൻ കഴിയുമെന്ന ആത്മവിശ്വാസത്തില്‍ ഡോണൾഡ് ട്രംപ്

ഖത്തറുമായി മികച്ച ബന്ധം തുടരാൻ കഴിയുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അയൽ രാജ്യങ്ങളുടെ ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ യു എസ് സൈനിക താവളം ഖത്തറിൽ നിന്ന് മാറ്റാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞു.

യു എസ് സെൻട്രൽ കമാൻഡിന്റെ മേഖലയിലെ ആസ്ഥാനമായ ഖത്തറിലെ സൈനിക താവളത്തിൽ 10,000ലധികം അമേരിക്കൻ സൈനികരുടെ സാന്നിധ്യമാണുള്ളത്. ഖത്തറുമായി നല്ല ബന്ധം തുടരുമെന്നും, സൈനിക താവളത്തിന് പ്രശ്‌നമൊന്നുമുണ്ടാവുമെന്ന് കരുതുന്നില്ലെന്നും ട്രംപ് പറഞ്ഞു. താവളം മാറ്റേണ്ടി വരികയാണെങ്കിൽ മറ്റൊന്ന് സ്ഥാപിക്കാൻ 10 രാജ്യങ്ങൾ തയ്യാറായി നിൽപ്പുണ്ട്. അവർ തന്നെ അതിന് വേണ്ട പണം മുടക്കും. ഇത്തരം ആവശ്യങ്ങൾക്ക് വേണ്ടി അമേരിക്ക വൻതോതിൽ പണം മുടക്കേണ്ടി വരുന്ന കാലം കഴിഞ്ഞുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസം അയൽ രാജ്യങ്ങൾ ഉപരോധം ആരംഭിച്ചതിന് തൊട്ടുപിന്നാലെ ട്രംപ് നടത്തിയ ട്വീറ്റുകളിൽ അതിനെ പിന്തുണക്കുന്നതായി സൂചിപ്പിച്ചിരുന്നു. തന്റെ മിഡിൽ ഈസ്റ്റ് യാത്രയ്ക്ക് ഫലം കണ്ടു തുടങ്ങിയെന്നും തീവ്ര പ്രത്യയശാസ്ത്രങ്ങൾക്ക് ഫണ്ട് ലഭിക്കുന്നത് അവസാനിക്കണമെന്നുമായിരുന്നു ട്രംപിന്റെ ട്വീറ്റ്.

വ്യാഴാഴ്ച സൗദി ഭരണാധികാരി സൽമാൻ രാജാവുമായി ഫോണിൽ സംസാരിച്ച ട്രംപ് ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്ന കാര്യം ചർച്ച ചെയ്തതായി വൈറ്റ് ഹൗസ് അറിയിച്ചു.

Topics:
Social Icons Share on Facebook Social Icons Share on Google +