പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ചു

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ചു. ആദ്യദിവസം നിര്യാതരായ അംഗങ്ങള്‍ക്കും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അമര്‌നാഥ് തീര്‍ഥാടകര്‍ക്കും ആദരാഞ്ജലികളര്‍പ്പിച്ച് ഇരുസഭകളും പിരിഞ്ഞു. മുസ്ലിം ലീഗ് എം.പി പി. കെ. കുഞ്ഞാലിക്കുട്ടി ലോക്‌സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു.

കശ്മീരിലെ ഭീകരാക്രമണങ്ങളും ചൈനയുടെ കടന്നുകയറ്റവും കര്‍ഷക ആത്മഹത്യകളും ഗോരക്ഷകരുടെ അതിക്രമങ്ങളുമടക്കം വിവിധ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിക്കൂട്ടിലായിരിക്കവെയാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ചിരിക്കുന്നത്. ആദ്യ ദിവസം ഇരു സഭകളും നിര്യാതരായ അംഗങ്ങള്‍ക്കും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അമര്‍നാഥ് തീര്‍ഥാടകര്‍ക്കും ആദരാഞ്ജലികളര്‍പ്പിച്ച് പിരിഞ്ഞു. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റ് അംഗമായി ലോക്‌സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 മണിക്ക് നടന്ന ചടങ്ങില്‍ ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.

ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ശക്തമായി ഉന്നയിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. സമ്മേളനത്തിന് മുന്നോടിയായി സ്പീക്കറും സര്‍ക്കാരും വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗങ്ങളില്‍ സഭാ നടപടികളുടെ സുഗമമായ നടത്തിപ്പിന് സഹകരിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചെങ്കിലും സര്‍ക്കാരിനെ കടന്നാക്രമിക്കാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയുടെ തീരുമാനം. സിക്കിം അതിര്‍ത്തിയിലെ ചൈനയുടെ കടന്നുകയറ്റം, അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണം എന്നിവ പ്രാധാന്യത്തോടെ പ്രതിപക്ഷം ഉന്നയിക്കും.

കടക്കെണിയിലായ കര്‍ഷകരുടെ ദുരവസ്ഥയും രാജ്യത്ത് വര്‍ധിച്ച കര്‍ഷക ആത്മഹത്യകളും വര്‍ഷകാല സമ്മേളനത്തെ പ്രക്ഷുബ്ധമാക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഗോസംരക്ഷകരുടെ അതിക്രമങ്ങള്‍, സ്ത്രീകള്‍ക്കെതിരായുള്ള അക്രമങ്ങള്‍, തിരക്കിട്ട് ജി.എസ്.ടി നടപ്പാക്കിയതിലെ പാളിച്ചകള്‍, അസമിലെ പ്രളയം എന്നിവയും പ്രതിപക്ഷത്തിന് സര്‍ക്കാരിനെതിരെ ആയുധമാകും. 19 ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ 18 ബില്ലുകള്‍ പാസാക്കാനാവും കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. അഴിമതി വെളിപ്പെടുത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്ന ‘വിസില്‍ ബ്ളോവേഴ്സ് പ്രൊട്ടക്ഷന്‍ ഭേദഗതി ബില്‍’ , പിന്നാക്ക വിഭാഗ ദേശീയ കമ്മീഷന്‍ ബില്‍, പൗരത്വ ഭേദഗതി ബില്‍, അഴിമതി തടയല്‍ ഭേദഗതി ബില്‍, ഐ.ഐ.എം ബില്‍ എന്നിവയും പാസാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും.

Topics:
Social Icons Share on Facebook Social Icons Share on Google +