രാജ്യത്ത് മുസ്ലീങ്ങള്‍ക്കിടയില്‍ അസുരക്ഷാ ബോധം വര്‍ധിച്ചെന്നും പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചെന്നും ഹമീദ് അന്‍സാരി

രാജ്യത്ത് മുസ്ലീങ്ങള്‍ക്കിടയില്‍ അസുരക്ഷാ ബോധം വര്‍ധിച്ചെന്നും പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചെന്നും സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. വിരമിക്കലിനു ശേഷം തൊഴിലന്വേഷിക്കുന്ന ആളുടെ രാഷ്ട്രീയ പരാമര്‍ശമാണിതെന്ന് ബിജെപി വിമര്‍ശിച്ചു. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കും 9 എം പിമാര്‍ക്കും രാജ്യസഭ യാത്രയയപ്പ് നല്‍കി.

10 വര്‍ഷത്തെ ഉപരാഷ്ട്രപതി പദവിയില്‍ നിന്ന് വിടവാങ്ങുന്നതിന് മുന്‍പ് രാജ്യസഭ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ ഹമീദ് അന്‍സാരി രാജ്യത്തെ ന്യൂനപക്ഷ സമുദായത്തിന്റെ ആശങ്കകള്‍ തുറന്നു പറഞ്ഞത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുസ്ലീങ്ങള്‍ക്കിടയില്‍ അസുരക്ഷാ ബോധവും അസ്വസ്ഥതയും വര്‍ധിക്കുന്നുണ്ടെന്ന് കേള്‍ക്കാനിടയായെന്ന് അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. ഘര്‍വാപ്‌സിയും യുക്തിവാദികളുടെ കൊലപാതകങ്ങളും ആള്‍ക്കൂട്ടത്തിന്റെ ആക്രമണങ്ങളും ഇന്ത്യന്‍ മൂല്യങ്ങളുടെയും വിവിധ തലങ്ങളില് നിയമം നടപ്പാക്കാന്‍ ഉത്തരവാദപ്പെട്ട ഭരണസംവിധാനങ്ങളുടെയും തകര്‍ച്ചയുമാണ് കാണിക്കുന്നത്. ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെയും മറ്റ് കേന്ദ്ര മന്ത്രിമാരുടെയും ശ്രദ്ധയില്‍ പെടുത്തുകയുണ്ടായെന്നും ഉപരാഷ്ട്രപതി പറഞ്ഞു. അതേസമയം ഹമീദ് അന്‍സാരിയെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി രംഗത്ത് വന്നു. വിരമിക്കലിനു ശേഷം തൊഴിലന്വേഷിക്കുന്ന ആളുടെ രാഷ്ട്രീയ പരാമര്‍ശമാണിതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവാര്‍ഗിയ കുറ്റപ്പെടുത്തി. ഹമീദ് അന്‍സാരി രാജ്യസഭ കൈകാര്യം ചെയ്തപ്പോള്‍ പിഴവുകള്‍ വരുത്തിയെന്നും ഇത് മനപൂര്‍വമാണോ എന്ന് അറിയില്ലെന്നും ബിജെപി നേതാവ് പറഞ്ഞു.

അതേസമയം രാജ്യസഭയില്‍ ഉപരാഷ്ട്രപതിയുടെ പ്രവര്‍ത്തനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവര്‍ അഭിനന്ദിച്ചു. ഭരണഘടനക്കനുസൃതമായാണ് 10 വര്‍ഷവും ഹമീദ് അന്‍സാരി പ്രവര്‍ത്തിച്ചതെന്നും അദ്ദേഹത്തിന്റെ പെരുമാറ്റം ഒരു നയതന്ത്രജ്ഞന്റേതായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. സുഹൃത്തും വഴികാട്ടിയും ദാര്‍ശനികനുമായിരുന്നു ഹമീദ് അന്‍സാരിയെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞു. രാജ്യസഭാ ചെയര്‍മാന്റെ സ്ഥാനം റഫറിയുടേതാണെന്നും കളിക്കാരന്റേതല്ലെന്നും ഉപരാഷ്ട്രപതി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്രമന്ത്രി സ്മൃതി ഇറാനി, കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രയന്‍ തുടങ്ങി കാലാവധി പൂര്‍ത്തിയാക്കിയ 9 എംപിമാരെ രാജ്യസഭാംഗങ്ങള്‍ക്കും ഉച്ചക്കുശേഷം രാജ്യസഭ യാത്രയയപ്പ് നല്‍കി. സിപിഎം രാജ്യസഭാ സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനാല്‍ യെച്ചൂരി ഇനി രാജ്യസഭയിലേക്കില്ല. അതേസമയം സ്മൃി ഇറാനിയും അഹമ്മദ് പട്ടേലും ഡെറക് ഒബ്രയനും തൃണമൂല്‍ കോണ്‍ഗ്രസിന്റെ തന്നെ സുഖേന്ദു ശേഖര്‍ റോയും ഡോല സെന്നും വീണ്ടും സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Topics:
Social Icons Share on Facebook Social Icons Share on Google +