ഗൊരഖ്പൂർ ദുരന്തത്തിൽ മൂന്ന് കുട്ടികൾ കൂടി മരിച്ചു; മരണ സംഖ്യ 66 ആയി

ഗൊരഖ്പൂർ ദുരന്തത്തിൽ മൂന്ന് കുട്ടികൾ കൂടി മരിച്ചു. ഇതോടെ മരണ സംഖ്യ 66 ആയി. സംഭവത്തിൽ കേന്ദ്രസംഘം നടത്തുന്ന തെളിവെടുപ്പ് ഇന്നും തുടരും. കൂടുതൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉണ്ടാകും.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടിയന്തര യോഗം വിളിച്ചു. ഗുലാം നബി ആസാദിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സംഘം ആശുപത്രി സന്ദർശിച്ചു. ഡോക്ടർമാരുടെ ഭാഗത്ത് നിന്നും ഗുരുതമായ വീഴ്ചയാണ് ഉണ്ടായിരിക്കുതെന്ന് അദ്ദേഹം പറഞ്ഞു.

ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലെ സർക്കാർ നിയന്ത്രണത്തിലുളള മെഡിക്കൽ കോളജിൽ ഓക്‌സിജൻ വിതരണം തടസപ്പെട്ടതിനെ തുടർന്ന് അഞ്ചു ദിവസത്തിനിടെ 60 പേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. 48 മണിക്കൂറിനിടെ ബാബ രാഘവ് ദാസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ 30 കുട്ടികൾ മരിച്ചെന്ന് വെള്ളിയാഴ്ച വൈകിട്ടോടെ ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് റത്തേലയാണ് സ്ഥിരീകരിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് ആശുപത്രിയുടെ പേരിൽ പത്രക്കുറിപ്പ് പുറത്തുവന്നത്. അഞ്ചു ദിവസത്തിനിടെ 60 മരണമുണ്ടായതായി കാണിച്ച് ആശുപത്രിയുടെ പേരിലുള്ള പത്രക്കുറിപ്പ് വാർത്താ ഏജൻസിയായ എഎൻഐയാണ് പുറത്തുവിട്ടത്. ഓക്‌സിജന്റെ ലഭ്യതക്കുറവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ മരണകാരണം എന്താണെന്ന് ആശുപത്രി വ്യക്തമാക്കിയിട്ടില്ല. മരിച്ച അറുപത് പേരുടെ പ്രായവും വ്യക്തമാക്കിയിട്ടില്ല.

66 ലക്ഷം രൂപ കുടിശികയുള്ളതു കൊണ്ട് ഓക്‌സിജൻ സിലിണ്ടർ വിതരണം ചെയ്യുന്ന കമ്പനി വിതരണം നിർത്തിവച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. ഓക്സിജൻ വിതരണം നിർത്തിവെക്കുമെന്ന് കമ്പനി നേരത്തേ ആശുപത്രി അധികൃതരെ അറിയിച്ചിരുന്നെങ്കിലും കാര്യം വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്നും ആരോപണമുണ്ട്.

സംഭവത്തിൽ മജിസ്‌ട്രേറ്റുതല അന്വേഷണത്തിന് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിങ്ങിനെയും മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ആശുതോഷ് ടൻഡനെയും വിളിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംഘം ആശുപത്രി സന്ദർശിക്കും.

Social Icons Share on Facebook Social Icons Share on Google +