ബിസിസിഐ ദൈവത്തിന് മുകളിലല്ലെന്ന് ശ്രീശാന്ത്

തനിക്ക് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകാനൊരുങ്ങുന്ന ബിസിസിഐക്ക് മറുപടിയുമായി ശ്രീശാന്ത്. ആരും ദൈവത്തിനു മുകളിലല്ലെന്നും വീണ്ടും കളിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു. ട്വിറ്ററിലാണ് ബിസിസിഐയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം രംഗത്തെത്തിയത്.

ശ്രീശാന്തിൻറെ ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി റദ്ദാക്കിയതിനെതിരേ അപ്പീൽ പോകാനുള്ള ബിസിസിഐയുടെ തീരുമാനത്തിനെതിരേ ശ്രീശാന്തിന്റെ യോർക്കർ. താൻ ബിസിസിഐയോടു യാചിക്കുകയല്ല, എനിക്കു തരാനുള്ളത് തന്നു തീർക്കുക അതെൻറെ അവകാശമാണ്. ബിസിസിഐ ദൈവത്തിനു മുകളിലല്ലെന്നും ശ്രീ ട്വിറ്ററിൽ കുറിക്കുന്നു. ഹൈക്കോടതിയുടെ സിംഗിൾബെഞ്ചാണ് ശ്രീശാന്തിന് ബിസിസിഐ ചുമത്തിയ വിലക്ക് നിലനിൽക്കുന്നതല്ലെന്ന് വിധി പുറപ്പെടുവിച്ചത്. ഇതിനെതിരേ ബിസിസിഐ അപ്പീൽ നൽകുമെന്ന് അറിയിച്ചിരുന്നു. ഹൈക്കോടതിയുടെ വിധി വന്നതോടെ ക്രിക്കറ്റിലേക്കു തിരിച്ചുവരുന്നതിനു ശ്രീശാന്ത് ആഗ്രഹമറിയിച്ചിരുന്നു. എന്നാൽ, ഹൈക്കോടതിയുടെ വിലക്കിനെതിരേ ബിസിസിഐ അപ്പീൽ നൽകുകയാണെങ്കിൽ മലയാളി പേസർക്ക് കാത്തിരിപ്പ് നീളും.

ബിസിസിഐയുടെ പ്രവൃത്തി നീചമാണെന്നും നിരപരാധിയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ച ആളോട് ഇത്തരം പ്രവൃത്തി ചെയ്യരുതെന്നും ശ്രീ ട്വീറ്റ് ചെയ്തു. 2013ൽ ഐപിഎൽ കോഴ ആരോപണത്തെത്തുടർന്നാണ് ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്കേർപ്പെടുത്തിയത്. ഇതോടെ ശ്രീശാന്തിനു ഐപിഎൽ ഫ്രാഞ്ചൈസിയിൽനിന്നു ലഭിക്കേണ്ട തുകയും ലഭിച്ചില്ല. കോടതി ശ്രീശാന്തിനെ മുക്തനാക്കിയിട്ടും താരത്തെ വെറുതെ വിടാൻ ബിസിസിഐ തയാറായിട്ടില്ല.

Social Icons Share on Facebook Social Icons Share on Google +