ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പ് : ജാവലിന്‍ ത്രോയില്‍ ദേവീന്ദര്‍ സിങ്‌ ഫൈനലില്‍

ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി ജാവലിന്‍ ത്രോയില്‍ ദേവീന്ദര്‍ സിങ്‌ ഫൈനലില്‍.  ലോകചാമ്പ്യന്‍ഷിപ്പ്‌ ജാവലിന്‍ ത്രോ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും ഇതോടെ ദേവീന്ദര്‍ സ്വന്തമാക്കി. ഇന്ത്യ ഏറെ പ്രതീക്ഷ അർപ്പിച്ചിരുന്ന നീരജ് ചോപ്രയ്ക്ക് ഫൈനലിലേയ്ക്ക് യോഗ്യത നേടാനായില്ല.

ചുമലിനേറ്റ പരിക്കോടെ ക്വാളിഫൈയിംഗ് മത്സരത്തിനിറങ്ങിയ ദേവീന്ദർ സിംഗ് തന്റെ മൂന്നാമത്തെ ശ്രമത്തിലാണ് 84.22 മീറ്റർ ദൂരത്തേയ്ക്ക് ജാവലിൻ പറത്തി ഫൈനലിലേയ്ക്ക് കടക്കാൻ യോഗ്യത നേടിയത്. അവസാന മത്സരാർത്ഥിയായി തന്റെ മൂന്നാം ശ്രമത്തിനെത്തിയ ദേവീന്ദർ 83 മീറ്റർ എന്ന ദൂരം മറികടക്കാനാകുമോ എന്ന ആശങ്കയിലായിരുന്നു. എന്നാൽ ഇന്ത്യൻ ക്യാമ്പിനും ആരാധകർക്കും ആശ്വാസം പകർന്ന് ദേവീന്ദറിന്റെ ജാവലിൻ ലക്ഷ്യത്തിലേയ്ക്ക് കുതിച്ചു. ഗ്രൂപ്പ് എയിൽ നിന്ന് 5ഉം ഗ്രൂപ്പ് ബിയിൽ നിന്ന് 7 പേരുമാണ് ഫൈനലിലേയ്ക്കുള്ള യോഗ്യത മറികടന്നത്. ആഗസ്റ്റ് 12ന് നടക്കുന്ന ഫൈനലിൽ മറ്റ് 12 പേർക്കൊപ്പം ഏഴാമനായി ദേവീന്ദറും എത്തും.

നീരജിന് ഫൈനലിൽ എത്താനായില്ലെന്നെറിഞ്ഞതോടെ എങ്ങനെയും ഫൈനലിൽ എത്തണമെന്ന് തോന്നിയെന്നും രാജ്യത്തിന് വേണ്ടി ഇതുവരെ ഒരു ഇന്ത്യക്കാരനും ചെയ്യാത്തത് ചെയ്യണമെന്ന് കരുതിയെന്നും ദൈവകൃപയാൽ അതിന് കഴിഞ്ഞുവെന്നും മത്സരത്തിന് ശേഷം ദേവീന്ദർ സിംഗ് പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +