യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ വിവാദ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം

ഉത്തര്‍പ്രദേശിലെ മദ്രസകളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ദൃശ്യങ്ങള്‍ അയച്ചു തരണമെന്ന യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ വിവാദ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. ഉത്തരവിനെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്ത് വന്നു. ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ആഗസ്റ്റ് 15ന് മദ്രസകളില്‍ സ്വതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ച് അതിന്റെ ദൃശ്യങ്ങള്‍ അയച്ചു കൊടുക്കണമെന്ന യോഗി ആദി്ത്യനാഥ് സര്‍ക്കാരിന്റെ നിര്‍ദേശമാണ് വിവാദമായിരിക്കുന്നത്. ത്രിവര്‍ണപതാക ഉയര്‍ത്തി ദേശീയഗാനം ആലപിച്ച ശേഷം സ്വാതന്ത്ര്യസമരപോരാളികളെ ആദരിക്കുകയും ആഘോഷ പരിപാടികളുടെ ദൃശ്യങ്ങള്‍ അതാത് ജില്ലാ ന്യൂനപക്ഷ ഓഫീസര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യണമെന്നാണ് ഉത്തരവിലെ നിബന്ധനകള്‍. ഉത്തര്‍പ്രദേശ് മദ്രസ പരിഷത്ത് ബോര്‍ഡ് ജില്ലാ ന്യൂനപക്ഷ ഉദ്യോഗസ്ഥര്‍ക്കാണ് ഉത്തരവ് അയച്ചിരിക്കുന്നത്. മദ്രസകള്‍ക്ക് സംസ്ഥാനസര്‍ക്കാരില്‍ നിന്നും ഫണ്ട് നല്‍കുന്നുണ്ട്. അതിനാല്‍ സ്വാതന്ത്ര്യദിനം ഉള്‍പെടെയുള്ള ദേശീയ ആഘോഷങ്ങള്‍ ആചരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണെന്നാണ് സര്‍ക്കാര്‍ വാദം. ഏകദേശം 8,000 മദ്രസകള്‍ക്കാണ് യുപി സംസ്ഥാനസര്‍ക്കാരിന്റെ മദ്രസ ശിക്ഷ പരിഷത്തിന്റെ അംഗീകാരമുള്ളത്. സര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസടക്കം രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും രംഗത്ത് വന്നു. ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും രാജ്യത്തെ വിഭജിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ഉത്തര്‍പ്രദേശ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബര്‍ കുറ്റപ്പെടുത്തി. എല്ലാ മതവിഭാഗങ്ങളും സമുദായങ്ങളും ഭരണഘടനാ പരമായി സംരക്ഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് പറഞ്ഞു. മദ്രസകളും അധ്യാപകരും രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും എന്നിട്ടും സംശയത്തോടെ പെരുമാറുന്നത് ദൗര്‍ഭാഗ്യകരവും അപലപനീയമാണെന്നും ഗൊരഖ്പൂരിലെ മ്ദ്രസ അറേബ്യ മാനേജര്‍ ഹാജി സയ്യിദ് തഹ്വാര്‍ ഹുസ്സൈന്‍ പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +