ഉത്തരകൊറിയയെ പ്രകോപിപ്പിക്കുന്ന നടപടികൾ യു.എസ് നിർത്തണമെന്ന് ചൈന

ഉത്തരകൊറിയൻ പ്രശ്‌നം രൂക്ഷമാക്കുന്ന പ്രകോപന പ്രസ്താവനകളും പ്രവൃത്തികളും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവസാനിപ്പിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്. അതേസമയം പ്രശ്‌ന പരിഹാരത്തിന് യു.എസിനൊപ്പം നിൽക്കുമെന്നും ചൈന വ്യക്തമാക്കി.

ട്രംപും ഉത്തരകൊറിയയും തമ്മിലുള്ള വാക്‌പോര് ലോകത്തെ യുദ്ധഭീതിയിലേക്കു തള്ളിവിട്ടിരിക്കുന്നതിനിടെയാണ് ചിൻപിംഗിന്റെ ഇടപെടൽ.
ഉത്തരകൊറിയക്കെതിരെ സൈനിക ആക്രമണത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും തയാറാണെന്നു ട്രംപ് വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഇതിനുപിന്നാലെ ട്രംപിനെ ഫോണിൽ വിളിച്ചാണ് പ്രശ്‌നം വഷളാക്കുന്ന പ്രസ്താവനകളും നടപടികളും ഉണ്ടാകരുതെന്ന് ചിൻപിംഗ് അഭ്യർഥിച്ചത്.

ഇരു പക്ഷത്തുനിന്നും ഇത്തരം നടപടികളുണ്ടാകരുതെന്നാണ് ചിൻപിംഗ് അഭ്യർഥിച്ചതെന്ന് ചൈനയിലെ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രശ്‌നപരിഹാരത്തിന് യു.എസിനൊപ്പം ചൈന നിൽക്കുമെന്നും വ്യക്തമാക്കി. അതേസമയം ഉത്തകൊറിയ പ്രകോപനം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന കാര്യത്തിൽ ട്രംപും ചിൻപിംഗും യോജിച്ചുവെന്നാണ് വൈറ്റ്ഹൗസ് പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞത്.

കൊറിയൻ മേഖലയെ അണ്വായുധമുക്തമാക്കണമെന്ന കാര്യത്തിലും നേതാക്കൾ യോജിപ്പിലെത്തിയെന്ന് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Social Icons Share on Facebook Social Icons Share on Google +