റോയൽ എൻഫീൽഡ് ബൈക്കുകളെ കൈവിട്ട് പോലീസ്

റോയൽ എൻഫീൽഡ് ബൈക്കുകളെ കൈവിട്ട് പോലീസ്. അമേരിക്കൻ വാഹന നിർമാതാക്കളായ ഹാർലി ഡേവിഡ്‌സണിന്റെ പുറകെയാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ പൊലീസ് സേനകൾ.

റോയൽ എൻഫീൽഡ് ബൈക്കുകൾ കൈവിട്ട് അമേരിക്കൻ നിർമാതാക്കളായ ഹാർലി ഡേവിഡ്‌സണിന്റെ പുറകെയാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകൾ ഇപ്പോൾ. ഗുജറാത്ത് പൊലീസിന് പിന്നാലെ അമേരിക്കൻ സൂപ്പർബൈക്ക് നിർമാതാക്കളായ ഹാർലി ഡേവിഡ്‌സൺ ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് കൊൽക്കത്ത പൊലീസും. ഹാർലി ഡേവിഡ്‌സണിന്റെ 12 സ്ട്രീറ്റ് 750 ബൈക്കുകളാണ് കൊൽക്കത്ത പൊലീസ് സ്വന്തമാക്കിയത്.

ഹാർലി ഡേവിഡ്‌സണിന്റെ ഇന്ത്യൻ നിർമ്മിത ബൈക്കാണ് സ്ട്രീറ്റ് 750. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഹാർലി പുറത്തിറക്കുന്ന പുതിയ മോഡലായ സ്ട്രീറ്റ് 750 തന്നെയാണ് ഹാർലി ലൈനപ്പിലെ ഏറ്റവും വിലക്കുറവുള്ള ബൈക്കും. ഹാർലിയുടെ ഏറ്റവും പുതിയ ടെക്‌നോളജിയായ റെവലൂഷൻ എക്‌സ് പ്രകാരം തയ്യാറാക്കിയ എൻജിനാണ് സ്ട്രീറ്റ് 750ക്ക് നൽകിയിരിക്കുന്നത്. ഹാർലിയുടെ പരമ്പരാഗത എയർകൂൾ എൻജിൻ മാറ്റി അതിനു പകരം ലിക്വിഡ് കൂൾഡ് എൻജിനാണ് ഹാർലി 750നു നൽകിയിരിക്കുന്നത്. 60 ഡിഗ്രി വിട്വിൻ 4 വാൽവ് എൻജിൻ 4000 ആർപിഎമ്മിൽ 60 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നുണ്ട്.

റോയൽ എൻഫീൽഡിന്റെ ബൈക്കുകൾ ഉപേക്ഷിച്ചാണ് കൊൽക്കത്ത പൊലീസ് ഹാർലിയിലേയ്ക്ക് ചുവടുമാറിയിരിക്കുന്നത്.

പഴയ ബുള്ളറ്റിന്റെ പാട്‌സ് ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടും സർവീസ് ചെലവുകളുടെ വർദ്ധനവുമാണ് ഹാർലി ഡേവിഡ്‌സണിലേക്ക് മാറാൻ കൊൽക്കത്ത പൊലീസിനെ പ്രേരിപ്പിച്ചത്. ആവശ്യപ്രകാരം പ്രത്യേക മോഡിഫിക്കേഷൻ വാഹനത്തിൽ നടത്തിയിട്ടുമുണ്ട്. അടിയന്തര സാഹചര്യങ്ങളടക്കം സത്വര പ്രതികരണം അർഹിക്കുന്ന മേഖലകളിലാവും ഹാർലി ഡേവിഡ്‌സൻ ബൈക്കുകൾ വിന്യസിക്കുക. ഒപ്പം സംസ്ഥാന മന്ത്രിമാർക്കും വിശിഷ്ട വ്യക്തികൾക്കുമുള്ള എസ്‌കോർട്ട് ചുമതലയിലും ഈ ‘സ്ട്രീറ്റ് 750’ ബൈക്കുകൾ പ്രതീക്ഷിക്കാം. കേരള പൊലീസടക്കം റോയൽ എൻഫീൽഡിൽ നിന്നുള്ള ‘ബുള്ളറ്റ്’ മോട്ടോർ സൈക്കിളുകളും ഉപയോഗിക്കുന്നുണ്ട്. അതേസമയം ഹാർലി ഡേവിഡ്‌സൻ ‘സ്ട്രീറ്റ് 750’ പോലുള്ള ഇരുചക്രവാഹനങ്ങൾ കൈവരുന്നതോടെ പുതുതലമുറ കാറുകളെയും ബൈക്കുകളെയും പിന്തുടർന്നു പിടികൂടാൻ സാധിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

Social Icons Share on Facebook Social Icons Share on Google +