ഹീറോ പരിവേഷത്തോടെ ആൻഡ്രോയ്ഡ് 8.0 ഓറിയോ

നോഗ യുഗത്തിനുവിരാമിട്ട് ആൻഡ്രോയ്ഡ് സീരീസിലെ പുത്തൻ അവതാരത്തെ ഗൂഗിൾ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചു. സൂപ്പർ ഹീറോ പരിവേഷത്തോടെ എത്തിയ ആൻഡ്രോയ്ഡ് 8.0 ഓറിയോ സാധാരണ വിതരണരീതിയിൽത്തന്നെ ലോകവ്യാപകമായെത്തും.

ന്യൂയോർക്ക് സിറ്റി മൈതാനത്ത് സൂര്യഗ്രഹണം കാണാൻ തടിച്ചുകൂടിയ ജനങ്ങളെ സാക്ഷിയാക്കിയായിരുന്നു സൂപ്പർഹീറോ പരിവേഷത്തോടെയുള്ള ഓറിയോയുടെ അവതരണം. യൂട്യൂബ് വഴി അര ലക്ഷത്തിൽപ്പരം ആളുകളാണ് അവതരണം തത്സമയം കണ്ടത്.
പുതിയ ഒപ്പറേറ്റിംഗ് സിസ്റ്റം സീരീസുകൾക്ക് അക്ഷരമാല ക്രമത്തിൽ മധുരപലഹാരങ്ങളുടെ പേര് ഇടുന്ന പതിവുരീതി ഗൂഗിൾ തെറ്റിച്ചില്ല. ആൻഡ്രോയ്ഡിന്റെറ ഏറ്റവും പുതിയ വേർഷൻ 8.0 ഓറിയോ എന്ന് വിളിക്കപ്പെടും.
നബിസ്‌കോയുടെ ഓറിയോ
സ്‌നാക് നിർമാതാക്കളായ നബിസ്‌കോയുടെ ഓറിയോ ചോക്ലേറ്റ് ബിസ്‌കറ്റിന്റെ പേരാണ് ആൻഡ്രോയ്ഡ് 8.0 സ്വീകരിച്ചത്.
ഗൂഗിളിന്റെ പിക്‌സൽ, പിക്‌സൽ എക്‌സ്എൽ, നെക്‌സസ് 5എക്‌സ്, നെക്‌സസ് 6പി, നെക്‌സസ് പ്ലെയർ, പിക്‌സൽ സി എന്നീ ഫോണുകളിൽ ആദ്യമെത്തും. വൈകാതെ ആൻഡ്രോയ്ഡ് ബീറ്റാ പ്രോഗ്രാമുള്ള ഫോണുകളിൽ അപ്‌ഗ്രേഡ് ചെയ്യാം.
സൂപ്പർ ഹീറോ പരിവേഷത്തോടെ എത്തിയ ആൻഡ്രോയ്ഡ് 8.0 ഓറിയോ സാധാരണ വിതരണരീതിയിൽത്തന്നെ ലോകവ്യാപകമായെത്തും. ഏറെ പ്രത്യേകതകളുമായാണ് 8.0 എത്തിയിട്ടുള്ളത്.
ചതുരാകൃതിയിലുള്ള ഐക്കണുകൾക്കു പകരം സിലിണ്ടർ ആകൃതിയിലുള്ള ഐക്കണുകളാണ് ഒ സീരിസിന്റെ മുഖമുദ്ര. ഓരോ ഐക്കണിലും അതു നിർവഹിക്കുന്ന കർത്തവ്യത്തെക്കുറിച്ചു സൂചന നല്കുന്നതിനുള്ള ആനിമേറ്റഡ് ആക്ഷൻ സംവിധാനവുമുണ്ട്.
ബ്ലൂടൂത്ത്, എൽഡിഎസി ഉൾപ്പെടെയുള്ള സങ്കേതങ്ങളിലൂടെയുള്ള ഓഡിയോ കണക്ടിവിറ്റിക്കു പുത്തൻ സൗകര്യങ്ങളാണ് ഒ സീരിസിൽ ഒരുക്കിയിരിക്കുന്നത്.
ഒ സീരീസ് ഉപയോക്താക്കൾക്കു യൂട്യൂബ് വീഡിയോ ആസ്വദിച്ചുകൊണ്ടുതന്നെ മറ്റ് ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കാൻ കഴിയും. വീഡിയോ വിൻഡോ ആവശ്യാനുസരണം പോസ് ചെയ്യാനും മിനിമൈസ് ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ബാറ്ററി കുടിച്ചുതീർക്കുന്ന ബാക്ഗ്രൗണ്ട് ആപ്പുകൾ എല്ലാ സ്മാർട്ട്‌ഫോൺ ഉപയോക്താക്കളുടെയും വെല്ലുവിളിയാണ്. ഇവയുടെ പ്രവർത്തനം നിർത്തലാക്കി ബാറ്ററി ഊർജം സംരക്ഷിക്കാൻ ‘ഒ’ സീരീസിൽ പ്രത്യേക സംവിധാനമുണ്ട്.
നോട്ടിഫിക്കേഷൻ പാനലുകൾക്ക് പ്രത്യക ശ്രദ്ധ ലഭിക്കുംവിധമുള്ള ഡിസ്‌പ്ലേയാണ് ഒ സീരീസിൽ ഒരുക്കിയിരിക്കുന്നത്. നോട്ടിഫിക്കേഷന്റെ പ്രധാന വിവരങ്ങൾ ദൃശ്യമാക്കുന്നതിനും സംവിധാനമുണ്ട്.
കണ്ടുമടുത്തവയ്ക്കു പുറമേ പുത്തൻ ഇമോജികളും ഒ സീരീസിൽ ഇടംനേടിയിട്ടുണ്ട്. ഇവയിൽ ചിലത് നേരത്തേതന്നെ പുറത്തായെങ്കിലും ഇതുവരെ മുഖം കാണിക്കാത്ത ഇമോജിക്കുട്ടന്മാരും ഒ സീരീസിലുണ്ട്.
ഫോണിന്റെ ഹാർഡ്‌വേർ കോൺഫിഗറേഷൻ ഏതാണെങ്കിലും ആൻഡ്രോയിഡ് ഒ സീരിസിൽ മികച്ച ബൂട്ട് വേഗം ലഭിക്കുമെന്നാണ് ഗൂഗിൾ അവകാശപ്പെടുന്നത്. ആപ്പുകൾ ലോഡായി വരുമ്പോഴുള്ള കാലതാമസവും ഫോണിന്റെ മയക്കവുമെല്ലാം പഴങ്കഥയാകുമത്രേ. റീലീസ് ചെയ്‌തെങ്കിലും ഒ സീരീസ് ഫോണുകളിലെത്താൻ നാം കുറച്ചു നാളുകൾകൂടി കാത്തിരിക്കേണ്ടിവരും.

Social Icons Share on Facebook Social Icons Share on Google +