യുഎസ് ഓപ്പണിൽ സ്‌പെയിനിന്റെ റാഫേൽ നദാൽ ഫൈനലിൽ

യുഎസ് ഓപ്പണിൽ സ്‌പെയിനിന്റെ റാഫേൽ നദാൽ ഫൈനലിൽ. അർജന്റീനയുടെ ഡെൽപെട്രോയെ കീഴടക്കിയാണ് നദാലിന്റെ ഫൈനൽ പ്രവേശം.

സ്‌കോർ 4-6 6-0 6-3 6-2. ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്‌സനെ നദാൽ നേരിടും. നാളെയാണ് ഫൈനൽ അരങ്ങേറുന്നത്.

റോജർ ഫെഡററെ കീഴടക്കി എത്തിയ അർജന്റീനയുടെ യുവാൻ മാർട്ടിൻ ഡെൽപെട്രോയെയാണ് സെമിയിൽ നദാൽ പരാജയപ്പെടുത്തിയത്. ആദ്യ സെറ്റിൽ പതറിയ ശേഷമായിരുന്നു ലോക ഒന്നാം നമ്ബർ താരമായ നദാലിന്റെ തകർപ്പൻ വിജയം.
ഡെൽപെട്രോയ്‌ക്കെതിരെ ആദ്യ സെറ്റ് 4-6 എന്ന നിലയിൽ നദാൽ അടിയറ വെച്ചു. എന്നാൽ തൊട്ടടുത്ത സെറ്റിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ നദാൽ, രണ്ടാം സെറ്റ് 6-0 ന് സ്വന്തമാക്കി. ഇതോടെ ആത്മവിശ്വാസം വീണ്ടെടുത്ത നദാൽ തുടർന്ന് മൂന്നും നാലും സെറ്റുകൾ വിജയിച്ച് ഫൈനൽ ബെർത്ത് ഉറപ്പാക്കി. സ്‌കോർ 4-6,6-0,6-3, 6-2

2010 ലും 2013 ലും യുഎസ് ഓപ്പൺ ചാമ്ബ്യനാണ് 31 കാരനായ നദാൽ. ഫൈനലിലെത്തിയതോടെ മൂന്നാം യുഎസ് ഓപ്പൺ കിരീടത്തിന് തൊട്ടടുത്തെത്തിയിരിക്കുകയാണ് നദാൽ. തിങ്കളാഴ്ച നടക്കുന്ന ഫൈനലിൽ വിജയിച്ചാൽ 16 ഗ്രാൻസ്ലാം കിരീടനേട്ടമെന്ന ബഹുമതിയും നദാലിന് സ്വന്തമാക്കാം.

ജൂണിൽ നടന്ന ഫ്രഞ്ച് ഓപ്പൺ ചാമ്ബ്യൻഷിപ്പിലെ കിരീടം നദാൽ സ്വന്തമാക്കിയിരുന്നു. സ്വിസ് താരം സ്റ്റാൻ വാവ്‌റിങ്കയെയാണ് നദാൽ പരാജയപ്പെടുത്തിയത്. യു എസ് ഓപ്പൺ കൂടി നേടിയാൽ നദാൽ, ഈ സീസണിൽ നേടുന്ന രണ്ടാമത്തെ ഗ്രാൻസ്ലാം കിരീടനേട്ടമാകും.

ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്‌സനാണ് റാഫേൽ നദാലിന്റെ എതിരാളി. 31 കാരനായ ആൻഡേഴ്‌സന്റെ കന്നി ഗ്രാൻഡ്സ്ലാം ഫൈനലാണിത്. 1973ന് ശേഷം പുരുഷ വിഭാഗം ഫൈനലിൽ എത്തുന്ന താഴ്ന്ന റാങ്കുകാരൻ കൂടിയാണ് 32 ആം റാങ്കുകാരനായ ആൻഡേഴ്‌സൺ. യുഎസ് ഓപ്പണിന്റെ ഫൈനലിലെത്തുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ താരമായ ആൻഡേഴ്‌സൺ തന്റെ ആദ്യ ഗ്രാൻസ്ലാം കിരീടം തേടിയാണ് കളത്തിലിറങ്ങുന്നത്.

Social Icons Share on Facebook Social Icons Share on Google +