ലോകത്തെ നടുക്കിയ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്‍റെ ഭീതിതമായ ഓര്‍മ്മയില്‍ 16 വർഷം

ലോകത്തെ നടുക്കിയ വേൾഡ് ട്രേഡ് സെന്റർ ആക്രമണം നടന്നിട്ട് ഇന്നേക്ക് 16 വർഷം. തീവ്രവാദത്തിന്റെ വന്യഭാവങ്ങളിലൊന്നായിരുന്നു ന്യൂയോർക്ക് സിറ്റിയിലും പെന്റഗണിലും അൽഖ്വയ്ദ നടത്തിയ കൂട്ടക്കുരുതി.

2001 സെപ്റ്റംബര്‍ 11നാണ് അമേരിക്കയില്‍ ലോകത്തെ നടുക്കിയ തീവ്രവാദ ആക്രമണം ഉണ്ടായത്. അല്‍ ക്വയ്ദ പരിശീലിപ്പിച്ച 19 ഭീകരര്‍ നാല് യാത്രാ വിമാനങ്ങള്‍ തട്ടിയെടുത്തു നടത്തിയ ആ ആക്രമണത്തില്‍ ലോകോത്തരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കയുടെ  സുരക്ഷാ സംവിധാനങ്ങളാണ് ചോദ്യചിഹ്നമായത്. ഇന്ധനം കൂടുതല്‍ ഉണ്ടാകുമെന്നതിനാല്‍ ദീര്‍ഘദൂര യാത്രാ വിമാനങ്ങളായിരുന്നു തട്ടിയെടുത്ത വിമാനങ്ങളെല്ലാം. അമേരിക്കയെ വിറപ്പിച്ച നിമിഷങ്ങളില്‍ രണ്ട് വിമാനങ്ങളെ ചാവേര്‍ തീവ്രവാദികള്‍ ലോക വ്യാപാര കേന്ദ്രത്തിന്‍റെ ഇരട്ട ടവറുകളിലേയ്ക്ക് ഒന്നിനു പിറകെ ഒന്നായി ഇടിച്ചിറക്കി. കെട്ടിട സമുച്ചയം തകര്‍ന്നു നിലംപൊത്തുന്ന  കാഴ്ച ഞെട്ടി വിറങ്ങലിച്ചാണ് ലോകം വീക്ഷിച്ചത്. തീവ്രവാദത്തിന്‍റെ ഏറ്റവും ഭീകരമായ മുഖം കൂടിയായിരുന്നു അത്. ഭീകരര്‍ റാഞ്ചിയ മൂന്നാമത്തെ വിമാനം പെന്‍റഗണിലെ അമേരിക്കന്‍ പ്രതിരോധ ആസ്ഥാനത്താണ് ഇടിച്ചിറക്കിയത്.

കെട്ടിട സമുച്ചയം ഭാഗികമായി ആ ആക്രമണത്തില്‍ തകര്‍ന്നു. വാഷിംഗ്ടണ്‍ ഡിസിയെ ലക്ഷ്യമാക്കി നീങ്ങിയ നാലാമത്തെ വിമാനം യാത്രക്കാരുടെ ചെറുത്തുനില്‍പ്പിനിടെ പെന്‍സില്‍വാനിയയിലെ ഒരു വയലില്‍ തകര്‍ന്നു വീഴുകയായിരുന്നു. ഒസാമ ബിന്‍ ലാദന്‍റെ നേതൃത്വത്തില്‍ അല്‍ ക്വയ്ദ നടത്തിയ ആക്രമണത്തില്‍ മൂവായിരത്തോളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 343 അഗ്നിശമന സേനാ അംഗങ്ങള്‍ക്കും  72 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും. സ്വാര്‍ത്ഥ ലാഭത്തിനായി തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് വളം വച്ച അമേരിക്ക ഭീകരവാദം എത്ര അപകടരമാണെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങള്‍. ലോകം തീവ്രവാദത്തിനെതിരെ സംഘടിതമായി ഉണര്‍ന്ന കൈകോര്‍ത്തെങ്കിലും പുതിയ രൂപവും ഭാവവും പൂണ്ട് ഇന്നും ലോകത്ത് ഭീതിവിതച്ചു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ദിനത്തിന്‍റെ ഭീതിതമായ ഓര്‍മ്മകള്‍ വീണ്ടും കടന്നു വരുന്നത്.

Social Icons Share on Facebook Social Icons Share on Google +