സ്വാശ്രയ എംബിബിഎസ് : അനുമതി നിഷേധിച്ചതിനെതിരായ ഹർജികളിൽ ഇന്നും തീരുമാനമായില്ല

കേരളത്തിലെ മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ എംബിബിഎസ് കോഴ്‌സിന് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ അനുമതി നിഷേധിച്ചതിനെതിരായ ഹർജികളിൽ ഇന്നും തീരുമാനമായില്ല. കോടതി തീരുമാനം എടുക്കും മുൻപ് സമാനമായ വിധികൾ പരിശോധിക്കണമെന്നു മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ വ്യക്തമാക്കി. ഹർജികൾ നാളെ പരിഗണിക്കാനായി മാറ്റി.

മെഡിക്കൽ പ്രവേശനം ശരിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎം. വയനാട് , അടൂർ മൗണ്ട് സിയോൺ, തൊടുപുഴ അൽ അസ്ഹർ കോളേജുകൾ സമർപ്പിച്ച ഹർജികൾ കോടതി ഇന്ന് പരിഗണക്ക് എടുത്തെങ്കിലും തീരുമാനമായില്ല. സമാനമായ കേസിൽ ചില വിധികൾ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് ഇന്ന് പുറപ്പെടുവിച്ചിരുന്നു. ഈ വിധികൾ പരിശോധിച്ച് മാത്രമേ കോടതി തീരുമാനം എടുക്കാവൂ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ വ്യക്തമാക്കി. എന്നാൽ പ്രവേശന നടപടികൾ മുഴുവൻ അവസാനിച്ചതാണെന്നും മറ്റു കേസുകളിലെ വിധിയുമായി ഇതിനെ താരതമ്യം ചെയ്യരുതെന്നും മെഡിക്കൽ കോളേജുകൾക്ക് വേണ്ടി ഹാജരായ അഭിഭാഷകർ അറിയിച്ചു. എന്നാൽ മൂന്നംഗ ബെഞ്ചിന്റെ ഉത്തരവായതിനാൽ അക്കാര്യം പരിശോധിച്ച ശേഷം വിധി പുറപ്പെടുവിക്കാം എന്ന് എസ് എ ബോബ്‌ഡെ, എൽ നാഗേശ്വർ റാവു എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൽ നിന്ന് കേസ് മാറ്റിയതിനെ ഇന്നും മെഡിക്കൽ കൗൺസിൽ അഭിഭാഷകൻ വികാസ് സിംഗ് എതിർത്തു.മെഡിക്കൽ കൗണ്സിലിനെതിരെ കോടതി അലക്ഷ്യത്തിനു നടപടി സ്വീകരിക്കണമെന്ന് മെഡിക്കൽ കോളേജിന്റെ അഭിഭാഷകനായ ദുഷ്യന്ത് ദവെ കോടതിയിൽ ആവശ്യപ്പെട്ടു .

Social Icons Share on Facebook Social Icons Share on Google +