മലയാളി വൈദികൻ ഫാ. ടോം ഉഴന്നാലിലിനെ മോചിപ്പിച്ചു


യെമെനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദീകൻ ടോം ഉഴുന്നാലിനെ മോചിപ്പിച്ചു. ഒമാൻ സർക്കാർ മുഖേന വത്തിക്കാൻ നടത്തിയ ഇടപെടലാണ് ഫാദറിന്റെ മോചനം സാധ്യമാക്കിയത്. ഒമാന്‍ മാധ്യമങ്ങളാണ് വാർത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഫാദര്‍ ടോം മോചിതനായ വിവരം സ്ഥിരീകരിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.

2016 മാർച്ച്‌ നാലിനാണ് യെമെനിലെ ഏദനിൽ നിന്നും ഭീകരർ ഫാദർ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ട് പോയത് . ഒന്നരവർഷമായി ഫാദറിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയായിരുന്നു. യെമെനിലെ സാഹചര്യങ്ങൾ മൂലം ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ഇല്ലാതിരുന്നത് മോചന ശ്രമങ്ങൾക്ക് തിരിച്ചടിയായി. എന്നാൽ വത്തിക്കാന്റെ അഭ്യർത്ഥന മൂലം ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ ഇടപെടലാണ് ഫാദർ ടോം ഉഴുന്നാലിന്റെ മോചനം സാധ്യമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുന്നാലിനെ ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റിലെ ഒരു കേന്ദ്രത്തിലേക്ക് മാറ്റിയതായി ‘ഒമാന്‍ ഒബ്‌സര്‍വര്‍’ പത്രമാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഒരു വലിയ മുറിയില്‍ ഫാദര്‍ ടോം നില്‍ക്കുന്ന ചിത്രവും പുറത്തു വിട്ടു. ആദ്യം സംഭവത്തെക്കുറിച്ചു വിവരം ലഭിക്കാതിരുന്ന ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം വാർത്ത പുറത്തു വന്നതിനു പിന്നാലെ ഒമാൻ സർക്കാരുമായി ബന്ധപ്പെട്ട് സംഭവം സ്ഥിരീകരിച്ചു. ഫാദര്‍ ടോം മോചിതനായ വിവരം സ്ഥിരീകരിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. ഫാദറിനെ മസ്കറ്റിൽ നിന്നും വത്തിക്കാനിലേക്ക് കൊണ്ടുപോയതായാണ് സൂചന. ഫാദറിനെ ഇന്ത്യയിലേക്ക് എന്ന് കൊണ്ടുവരും എന്ന കാര്യത്തിൽ ഇതുവരെയും സ്ഥിരീകരണമില്ല.

2016 മാർച്ച് നാലിനാണ് ഐഎസ് തീവ്രവാദികള്‍ യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്‍റെ വൃദ്ധസദനം അക്രമിച്ച ശേഷം നാല് കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ. ടോമിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്.ഫാദര്‍ ടോമിനെ വിടണമെങ്കില്‍ വന്‍തുക മോചനദ്രവ്യം നല്‍കണമെന്ന് ഭീകര്‍ ഉപാധിവച്ചിരുന്നു. ഇതിനിടെ മൂന്നു തവണ ഫാദര്‍ ഉഴുന്നാലിന്റെ വീഡിയോ ചിത്രങ്ങള്‍ ഭീകരര്‍ പുറത്തുവിട്ടിരുന്നു.രാജ്യം മുഴുവൻ പ്രാർത്ഥനയോടെ കാത്തിരിക്കുന്നതിനിടെയാണ് ഫാദര്‍ ടോം ഉഴുന്നാലില്‍ മോചിതനായെന്ന വാര്‍ത്ത എത്തിയിരിക്കുന്നത്.

Social Icons Share on Facebook Social Icons Share on Google +