മൂന്നാമത് യുവസംരംഭക സംഗമം കൊച്ചിയിൽ

കെ.എസ്.ഐ.ഡി.സി യുടെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ മൂന്നാമത് യുവസംരംഭക സംഗമം സംഘടിപ്പിച്ചു. പുതിയ ആശയങ്ങൾ ഉൾക്കൊള്ളുന്ന വ്യവസായ സംരംഭങ്ങൾ നാടിന് ആവശ്യമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

നൂതന ആശയങ്ങളുമായി സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന ഒരാൾക്കും സംസ്ഥാനത്ത് നിരാശരാകേണ്ടിവരില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 1500 സ്റ്റാർട്ടപ്പുകൾക്ക് കെ.എസ്.ഐ.ഡി.സി ധനസഹായം ചെയ്യും. ഭാവി സാമ്പത്തിക വളർച്ചാ സ്രോതസ് എന്ന് സർക്കാർ മനസിലാക്കുന്ന സംരഭങ്ങൾക്ക് 1375 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഐ.ടി മേഖലയിൽ മാത്രമല്ല ഐടി ഇതര മേഖലകളിൽ കൂടി സ്റ്റാർട്ടപ്പുകൾ വ്യാപകമാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വ്യവസായ സംരംഭങ്ങളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പരമ്പരാഗത രീതികൾ അനുയോജ്യമല്ല എന്ന് സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. യുവജനങ്ങളുടെ എല്ലാ നല്ല പദ്ധതികൾക്കും സർക്കാരിന്റെ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായമന്ത്രി എ.സി മൊയ്തീൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഐ.ഡി.സി ചെയർമാൻ ക്രിസ്റ്റി ഫെർണാണ്ടസ്, മാനേജിംഗ് ഡയറക്ടർ ഡോക്ടർ എം.ബീന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. യുവസംരംഭക സംഗമത്തോടൊപ്പം വിവിധ സ്റ്റാർട്ടപ്പുകൾ തയ്യാറാക്കിയ പ്രദർശനവും ഒരുക്കിയിരുന്നു. ഐടി അനുബന്ധ സ്റ്റാളുകൾക്കൊപ്പം തെങ്ങ് കയറാനുള്ള പുതിയ സംവിധാനവും പോളിഹൗസ് കാർഷിക രീതിയും അവതരിപ്പിച്ചു.

Social Icons Share on Facebook Social Icons Share on Google +