നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടി ആക്രമിക്കപ്പെട്ട കേസിൽ ചോദ്യംചെയ്യലിനു വിധേയയായ സംവിധായകനും നടനുമായ നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അറസ്റ്റ് ചെയ്യുമെന്നു പോലീസ് ഭീഷണിപ്പെടുത്തുന്നെന്നും പോലീസിന്റെ കനത്ത സമ്മർദം നേടിരാൻ കഴിയുന്നില്ലെന്നും കാട്ടിയാണു നാദിർഷാ അപേക്ഷ നൽകിയിരിക്കുന്നത്.

പ്രോസിക്യൂഷനെ പിന്തുണയ്ക്കുന്ന തെറ്റായ മൊഴികൾ പറയാൻ പോലീസ് ആവശ്യപ്പെടുന്നതായിയാണ് നാദിർഷാ ഹർജിയിൽ പറയുന്നത്.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ പൾസർ സുനി നാദിർഷയ്‌ക്കെതിരേ പോലീസിനു നൽകിയ മൊഴി പുറത്തായിരുന്നു. തൊടുപുഴയിൽ ഷൂട്ടിംഗ് സെറ്റിൽ വച്ച് നാദിർഷ തനിക്ക് 25,000 രൂപ നൽകിയെന്നാണ് സുനിൽകുമാറിന്റെ മൊഴി.

ദിലീപ് നിർമാണ പങ്കാളിയായി നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണു പണം കൈമാറിയത്. ദിലീപിന്റെ നിർദ്ദേശപ്രകാരമാണ് നാദിർഷ പണം നൽകിയതെന്നും സുനി പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യാൻ തയാറെടുക്കുന്നതിനിടെ നാദിർഷാ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മുൻപ് ചോദ്യം ചെയ്തപ്പോൾ നാദിർഷാ പറഞ്ഞതു പലതും കളവെന്നു പോലീസിനു തെളിവ് ലഭിച്ചിട്ടുണ്ട്.

Topics:
Social Icons Share on Facebook Social Icons Share on Google +