നെക്‌സോണിൽ പ്രതീക്ഷ അർപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്

യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ വിപണി പിടിക്കാൻ കോംപാക്ട് എസ് യു വിയായ ‘നെക്‌സോണിൽ പ്രതീക്ഷ അർപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്. വ്യാഴാഴ്ച ‘നെക്‌സോൺ വിപണിയിലെത്തും.

‘നെക്‌സോൺ’ എത്തുന്നതോടെ യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ മൂന്നാം സ്ഥാനത്തേക്കോ നാലാം സ്ഥാനത്തേക്കോ മുന്നേറാനാവുമെന്ന കണക്കുകൂട്ടലിലാണു ടാറ്റ. വാഹനത്തിന്റെ വില സംബന്ധിച്ച സൂചനകൾ കമ്പനി ഇതുവരെ നൽകിയിട്ടില്ല. . കമ്പനിയുടെ മുൻ എസ് യു വിയായ ‘ഹെക്‌സ’ വിപണിയിൽ മികച്ച സ്വീകാര്യത നേടുന്നുണ്ട് .

ഇന്ത്യയിൽ എസ് യു വികളെ യൂട്ടിലിറ്റി വാഹന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തിൽ ഏറ്റവും വിൽപ്പന വളർച്ച നേടി മുന്നേറുന്നത് കോംപാക്ട് എസ് യു വികളാണ്. ‘നെക്‌സോണി’ലൂടെ ടാറ്റ മോട്ടോഴ്‌സ് രംഗപ്രവേശം ചെയ്യുന്നതു ഈ വിപണന സാധ്യതയേറിയ വിഭാഗത്തിലേക്കാണ്. ‘നെക്‌സോൺ’ അരങ്ങേറ്റത്തിനു മുന്നോടിയായി ഉപയോക്താക്കളുമായുള്ള ഇടപെടൽ മെച്ചപ്പെടുത്താൻ ടാറ്റ മോട്ടോഴ്‌സ് ‘നെക്‌സോൺ സ്‌കിൽ അരീന’ സംഘടിപ്പിക്കുന്നുണ്ട്. കൊൽക്കത്തയിൽ തുടക്കം കുറിച്ച ഈ ഉപഭോക്തൃ സേവന പരിപാടി ഗുരുഗ്രാം, ബെംഗളൂരു, ചണ്ഡീഗഢ്, ചെന്നൈ, ജയ്പൂർ തുടങ്ങി ഒൻപതു നഗരങ്ങളിൽ കൂടി തുടരാനും ടാറ്റ മോട്ടോഴ്‌സിനു പദ്ധതിയുണ്ട്.

കോംപാക്ട് എസ് യു വി വിഭാഗത്തിൽ മാരുതി സുസുക്കി ഇന്ത്യയുടെ ‘വിറ്റാര ബ്രേസ’യാണു വിൽപ്പനയിൽ ഒന്നാമത്. ഹ്യുണ്ടേയ് ‘ക്രേറ്റ’, ഹോണ്ട ‘ബി ആർ വി’, ഫോഡ് ‘ഇകോസ്‌പോർട്’, റെനോ ‘ഡസ്റ്റർ’, മഹീന്ദ്ര ‘കെ യു വി 100’ തുടങ്ങിയവയെ വെല്ലുവിളിക്കാൻ ലക്ഷ്യമിട്ടാണു ‘നെക്‌സോണു’മായി ടാറ്റ മോട്ടോഴ്‌സ് എത്തുന്നത്.

Social Icons Share on Facebook Social Icons Share on Google +